| Saturday, 22nd August 2026, 10:21 am

രാമക്ഷേത്രം: തീരുമാനങ്ങളെടുക്കുന്നത് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന് ചമ്പത്ത് റായ്

റെന്വര്‍ പി

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെന്ന് രാമക്ഷേത്ര കൊള്ള കേസിനെത്തുടര്‍ന്ന് രാജിവെച്ച ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്. ചമ്പത്ത് റായ് എഴുതിയ ഒമ്പത് പേജുള്ള കത്തിലാണ് ഈ കാര്യം പറയുന്നത്.

ക്ഷേത്രത്തിന്റെ നിര്‍മാണം, ക്ഷേത്ര സമുച്ഛയം മാനേജ് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന തീരുമാനങ്ങളും മിശ്രയാണ് സ്വീകരിച്ചതെന്ന് ചമ്പത്ത് റായുടെ കത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിശ്ര നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിരുന്നില്ല. അദ്ദേഹമായിരുന്നു ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കേണ്ടതെന്നും കത്തില്‍ പറയുന്നു.

മാധ്യമങ്ങളില്‍ കത്തിലെ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കത്ത് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല. ചമ്പത്ത് റായ് തന്നെയാണ് കത്ത് എഴുതിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 18നാണ് കത്തെഴുതിയത്. ചമ്പത്ത് റായോട് അടുപ്പമുള്ളവരാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു കത്ത് എഴുതിയതായി പറയുന്നത്. എന്നാല്‍ കത്തെഴുതിയ കാര്യം റായ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഔദ്യോഗിക ലെറ്റര്‍ പാഡിലല്ല കത്തെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ചമ്പത്ത് റായുടെ ഒപ്പും കത്തിലില്ല. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തെക്കുറിച്ച് കുറച്ച് വസ്തുകള്‍ എന്ന തലക്കെട്ടോട് കൂടിയാണ് കത്തെഴുതിയിട്ടുള്ളത്. ജയ് ശ്രീരാം എന്നെഴുതിയാണ് കത്ത് തുടങ്ങുന്നതെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വന്തം താത്പര്യ പ്രകാരം മിശ്ര ചില വ്യക്തികളെ ക്ഷേത്ര നിര്‍മാണ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. ഇങ്ങനെ മിശ്ര ഉള്‍പ്പെടുത്തിയവരില്‍ ഒരാള്‍ ആറ് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് അയോധ്യയില്‍ സന്ദര്‍ശനം നടത്തിയതെന്നും റായ് ചൂണ്ടിക്കാണിച്ചു.

ക്ഷേത്ര നിര്‍മാണത്തിന് എല്‍ ആന്‍ഡ് ടിയെ തെരഞ്ഞെടുത്തത് മിശ്രയാണ്. നോയിഡയിലുള്ള ഡിസൈന്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തെ ക്ഷേത്ര വളപ്പിലെ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി തെരഞ്ഞെടുത്തതും മിശ്രയാണെന്നും കത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇത്തരമൊരു കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മിശ്ര കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. അത്തരമൊരു രേഖ നിലവിലുണ്ടെങ്കില്‍ പോലും, ആരെയും കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രസ്റ്റിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മിശ്ര ആരോപിച്ചിരുന്നു.

Content Highlight: Remarks on Champat Rai’s ‘Letter’ abhout  Ex Modi Adviser Nripendra Misra

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more