| Monday, 26th October 2026, 1:00 pm

അമിത് ഷായ്‌ക്കെതിരായ പരാമർശം: 2018-ലെ മനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ നിലനിന്നിരുന്ന 2018-ലെ ക്രിമിനൽ മാനനഷ്ടക്കേസ് തള്ളി സുൽത്താൻപൂർ കോടതി.

2018-ൽ നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലും റാലിയിലുമായിരുന്നു കേസിനാസ്പദമായ സംഭവം.

അന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് പരാതി ഉയർന്നത്.

2018 മെയ് മാസത്തിലാണ് ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ‘ബി.ജെ.പി അധ്യക്ഷൻ കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങൾ മറക്കുന്നു. സത്യസന്ധതയെയും മാന്യതയെയും കുറിച്ച് സംസാരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കൊലക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട ആളാണ്’ എന്നതായിരുന്നു രാഹുൽഗാന്ധി അമിത്ഷായ്ക്കെതിരെ നടത്തിയ പരാമർശം.

ഈ പരാമർശത്തിനെതിരെ പ്രാദേശിക ബി.ജെ.പി നേതാവും സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനുമായ വിജയ് മിശ്രയാണ് 2018 ഓഗസ്റ്റ് നാലിന് സുൽത്താൻപൂർ കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

തുടർന്ന് വർഷങ്ങളോളം കേസിന്റെ നിയമനടപടികൾ പുരോഗമിക്കുകയും, 2023-ൽ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യം നേടുകയും ചെയ്തിരുന്നു. തുടർവാദങ്ങൾക്കൊടുവിലാണ് കേസ് പൂർണമായും തള്ളിക്കൊണ്ട് കോടതി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

Content Highlight:Remarks against Amit Shah: Rahul Gandhi acquitted in 2018 defamation case.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more