കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതിയില്‍ മാധ്യമ പ്രവര്‍ത്തകയും ബിഗ് ടി.വി അവതാരകയുമായ അപര്‍ണ കുറുപ്പിനെതിരെ കേസ്. കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ ഹകീം എന്നയാളുടെ പരാതിയിലാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ട്.
ചാനല്‍ചര്‍ച്ചയ്ക്കിടെ അവതാരകയായ അപര്‍ണ കുറുപ്പ് മുസ്‌ലീം വിരുദ്ധവും വംശീയവുമായ നിലപാടുകള്‍ സ്വീകരിച്ചു എന്നാണ് പരാതി. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രതിഷേധങ്ങല്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് തനിക്കെതിരെ സൈബര്‍ ആക്രമണങ്ങലും വധഭീണിയും ഉണ്ടാകുന്നു എന്ന് കാണിച്ച് അപര്‍ണ കുറുപ്പും പൊലീസിന് പരാതി നല്‍കിയിരുന്നു.
ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം വിവാദമായതോടെ തന്റെ പരാമര്‍ശങ്ങള്‍ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അപര്‍ണ കുറുപ്പ് മാപ്പപേക്ഷിക്കുകയും ചാനല്‍ ആ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചര്‍ച്ചാ പരിപാടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
പരാമര്‍ശത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ടെന്ന അപര്‍ണയുടെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബര്‍ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ ചുമത്തി നേരത്തെ കേസെടുത്തിരുന്നു.
എന്നാല്‍ ഇതിനെതിരെ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അബ്ദുല്ല ബാസിലിനെതിരായ കേസ് പിന്‍വലിക്കണമെന്നും വിദ്വേഷ പരാമര്‍ശം നടത്തിയ അവതാരകക്കെതിരെ കേസെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തത്.
Content Highlights:Remark during TV debate: Case registered against Big TV anchor Aparna Kurup.