| Friday, 14th August 2026, 2:07 pm

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: ആര്‍.എസ്.എസ് നേതാവ് വി.ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ട കേസ് റദ്ദാക്കി സുപ്രീം കോടതി. രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ അനുമതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഷീല്‍ നഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകരാണെന്നും അവരില്‍ നിന്നും പെന്‍ഷന്‍ പറ്റിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതിനെതിരായിരുന്നു ഈ കേസ്.

അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലഖ്‌നൗവിലെ എ.സി.ജെ.എം കോടതി രാഹുല്‍ ഗാന്ധിക്കെതിരെ സമന്‍സ് അയച്ചത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നായിരുന്നു പരാതിയിലെ ആരോപണം.

നേരത്തെ ഈ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് സുപ്രീം കോടതി രാഹുല്‍ ഗാന്ധിയോട് വാക്കാല്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ നിലവിലെ സാങ്കേതികവും നിയമപരവുമായ പോരായ്മകള്‍ മുന്‍നിര്‍ത്തിയാണ് കേസ് പൂര്‍ണ്ണമായും റദ്ദാക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഇത് രാഹുല്‍ ഗാന്ധിക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് നല്‍കുന്നത്.

Content Highlight: Remark against Savarkar: Supreme Court quashes case against Rahul Gandhi.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more