തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടി.[]
നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
മണിയുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു.
തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ മണിയുടെ ജാമ്യാപേക്ഷ തളളിയിരുന്നു. നിലവില്‍ കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.കെ. ദാമോദരനാണ് മണിക്ക് വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നും അതുകൊണ്ട് മണിക്ക് ജാമ്യം നല്‍കണമെന്നും എം.കെ ദാമോദരന്‍ വാദിച്ചു.
എന്നാല്‍, മണിക്ക് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ പഌഡര്‍ ജോളി ജയിംസ് കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി മണിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.
നവംബര്‍ 21ന് രാവിലെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍വെച്ച് അതീവരഹസ്യമായാണ് മണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത അദ്ദേഹം ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്. മണിയുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ ഒന്നും മൂന്നും പ്രതികളായ ഉടുമ്പന്‍ചോല കൈനകരി കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ നെടുങ്കണ്ടം കോടതി അഞ്ചിന് പരിഗണിക്കും.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ വധിച്ച കേസുമായി ബന്ധപ്പെട്ടാണ് മണിയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 21ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്.
സംഭവം നടന്ന് മുപ്പതുവര്‍ഷത്തിനുശേഷം ആയിരുന്നു അറസ്റ്റ്. ഓപ്പറേഷന്‍ “റിങ്‌ടോണ്‍” എന്ന് പേരിട്ട നടപടിയിലൂടെ തികച്ചും നാടകീയമായിട്ടാണ് മണിയെ അറസ്റ്റുചെയ്തത്. ഡിസംബര്‍ നാലുവരെയാണ് കോടതി മണിയെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.