തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 31വരെ നീട്ടി.[]
നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
മണിയുടെ ജാമ്യാപേക്ഷ നാളെ തൊടുപുഴ കോടതി പരിഗണിക്കും. കോടതി ഇത് അംഗീകരിച്ചാല്‍ മണിക്കും കേസിലെ കൂട്ടുപ്രതികളായ കൈനകരി കുട്ടന്‍, മദനന്‍ എന്നിവര്‍ക്കും ജാമ്യം ലഭിക്കും.
കഴിഞ്ഞ 21നാണ് മണി അറസ്റ്റിലായത്. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം എം.എം മണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരും ആഭ്യന്തരമന്ത്രിയും ചെയ്യുന്ന തെറ്റിന്റെ ഭാഗമാണ് മണിയുടെ ജയില്‍വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്തൊക്കെ പ്രസംഗിക്കുന്നു, അങ്ങനെ ഒരാള്‍ പ്രസംഗങ്ങത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് അവരെ ജയിലിലടയ്ക്കാന്‍ നിയമമുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.
മണിയെ കള്ളക്കേസില്‍ കുടുക്കിയതാണ്. ഇത് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും എം.എം മണിയെ പീരുമേട് സബ്ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഇ പി ജയരാജന്‍ പറഞ്ഞു.