| Friday, 24th April 2026, 4:48 pm

നടക്കുന്നത് മതത്തിന്റെ പേരിലുള്ള ക്രൈം; സവര്‍ണ്ണ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു: അഡ്വ.ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാരുകളുടെയും, ഒരു പരിധി വരെ ഹൈക്കോടതിയുടെയും അനുവാദത്തോടെയാണ് ഓരോ വര്‍ഷവും നിയമവിരുദ്ധമായി ക്ഷേത്രോത്സവങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

ലൈസന്‍സ് വ്യവസ്ഥകള്‍, എക്സ്പ്ലോസീവ് ആക്ട്, പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ എന്നിവയുടെ നഗ്നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും വ്യക്തമായ തെളിവുകള്‍ നല്‍കിയാല്‍ പോലും ഹൈക്കോടതിയടക്കം നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി.

ഇതൊരിക്കലും ഒരു സുരക്ഷാ വീഴ്ച അല്ലെന്നും ഒഴിവാക്കാവുന്ന അപകടങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നടക്കുന്നത് മതത്തിന്റെ പേരിലുള്ള ക്രൈമാണെന്നും സവര്‍ണ്ണ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

പുറ്റിങ്ങല്‍ ദുരന്തത്തിന് ശേഷം കൃത്യമായ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടായിട്ടും, നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന തൃശൂര്‍ ജില്ലാ കളക്ടര്‍ക്കോ കമ്മീഷണര്‍ക്കോ സംസ്ഥാന ഹോം സെക്രട്ടറിക്കോ എതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കളുടെ താത്പര്യത്തിന് വഴങ്ങി ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എക്സ്പ്ലോസീവ് ആക്ട് 9-ാം വകുപ്പ് പ്രകാരം ഒരു ദുരന്തമുണ്ടായാല്‍ ജില്ലാ കളക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് നിയമം കര്‍ശനമായി പറയുന്നു. എന്നാല്‍ മരണം നടന്നിട്ടുപോലും തൃശൂര്‍ ജില്ലാ കളക്ടര്‍ ആര്‍.ഡി.ഒ അന്വേഷിക്കുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇത്തരം അനധികൃതമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് നിയമപരമായി നിലനില്‍പ്പില്ലാത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന് ഭരണകൂടം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

കുറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മറ്റു വകുപ്പുതല നടപടികള്‍ എടുക്കാതെ ജുഡീഷ്യല്‍ അന്വേഷണം മാത്രം പ്രഖ്യാപിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണ്,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

തങ്ങള്‍ക്ക് താത്പര്യമുള്ള, റിട്ടയര്‍ ചെയ്ത ഒരു ജഡ്ജിയെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതി വാങ്ങി ഒരു വര്‍ഷത്തേക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ നിയമമനുസരിച്ച് രാത്രി 10 മണിക്ക് ശേഷം ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. വര്‍ണ്ണപ്പൊലിമയുള്ള പടക്കങ്ങള്‍ക്ക് പോലും 4 മീറ്റര്‍ അകലെ 90 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല.

ഇതില്‍ ഇളവ് നല്‍കാന്‍ കളക്ടര്‍ക്കോ മന്ത്രിസഭയ്‌ക്കോ എന്തിന് കോടതിക്ക് പോലുമോ അധികാരമില്ല. ഇത് പൂരവിരുദ്ധരുടെ വാദമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയാണ്. രോഗികളും പ്രായമായവരും കുട്ടികളും ഈ ശബ്ദശല്യത്തില്‍ കഷ്ടപ്പെടുമ്പോള്‍, അതിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ അനീതിയുടെ ഭാഗമാവുകയാണെന്നും ഹരീഷ് വാസുദേന്‍ കുറ്റപ്പെടുത്തി.

ശബ്ദശല്യ നിയന്ത്രണ റൂള്‍ 5A-യും എക്സ്പ്ലോസീവ് നിയമവും ലംഘിക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുക്കണമെന്നും അവരെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടു.

അപകടത്തിന്റെ നഷ്ടപരിഹാരം സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നല്ല, മറിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നോ നിയമവിരുദ്ധ കരാറുണ്ടാക്കിയ ദേവസ്വത്തില്‍ നിന്നോ ഈടാക്കണം.

സ്റ്റേറ്റിന്റെ കൂടി പങ്കാളിത്തത്തോടെ നടക്കുന്ന മതത്തിന്റെ പേരിലുള്ള ക്രൈമുകളെ അങ്ങനെ തന്നെ കാണണം. പ്രകൃതിദുരന്തം ഉണ്ടായവരെ സഹായിക്കാന്‍ എല്ലാ മനുഷ്യത്വവും കാണിക്കുന്ന നേതൃത്വങ്ങള്‍ തന്നെയാണ് നിയമലംഘനത്തിനു ഒത്താശ ചെയ്ത് ദുരന്തങ്ങള്‍ ഉണ്ടാവാന്‍ കൂട്ടുനിന്ന് സവര്‍ണ്ണ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തുന്നത്.

എക്സ്പ്ലോസീവ് ലൈസന്‍സ് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട പൊതുരേഖകളാണെങ്കിലും, പൊലീസ് അവ ‘Strictly Confidential’ എന്ന് പറഞ്ഞ് നിഷേധിക്കുകയാണ്. സ്വന്തം വീടിനടുത്ത് സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ പോലും പൗരന് അവകാശമില്ലാത്ത അവസ്ഥയാണ്.

AI യുടെ ഇക്കാലത്ത് ഇത്തരം Explosives ലൈസന്‍സിങ് സംബന്ധിച്ച പൊതുരേഖകള്‍ പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ സൗജന്യമായി ലഭ്യമാക്കേണ്ടതുണ്ട്.

നിയമവാഴ്ച ഉറപ്പാക്കകയെന്ന ജോലിയില്‍ നിന്ന് ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഒരുപോലെ ഒളിച്ചോടുകയാണെന്നും, ഈ അക്കൗണ്ടബിലിറ്റി ഇല്ലായ്മയാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ദുരവസ്ഥയെന്നും ഹരീഷ് വാസുദേവന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളിലും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലും വ്യക്തമാക്കുന്നു.

Content Highlight: Religious crimes and vote bank politics: Harish Vasudevan slams Government for aiding illegal fireworks

We use cookies to give you the best possible experience. Learn more