| Friday, 17th April 2026, 5:23 pm

മിച്ചര്‍ തിന്നുന്ന ശ്രീരാമനും കേരള സ്റ്റോറിയുടെ റിവ്യൂവും; സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണ് വെട്ടിച്ച തമാശകളുള്ള മോഹിനിയാട്ടം

അമര്‍നാഥ് എം.

വാഴ 2ന്റെ വന്‍ വിജയത്തിനിടയിലും മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായെങ്കിലും രണ്ടാം ഭാഗം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയത്. ഭരതനാട്യത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ഇക്കുറി രംഗപ്രവേശം ചെയ്യുന്നുണ്ട്.

ഡാര്‍ക്ക് കോമഡിക്കൊപ്പം തൊട്ടാല്‍ പൊള്ളുന്ന മറ്റൊരു വിഷയവും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും പ്രസാദവുമുള്ള ചില പ്രത്യേക അമ്പലങ്ങളെയും അതിലൂടെ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒരുകൂട്ടമാളുകളെയും മോഹിനിയാട്ടം വിമര്‍ശിക്കുകയാണ്. ശ്രീകണ്ഠാപുരത്തെ ജോലിക്കിടയില്‍ ലഭിക്കുന്ന കൈക്കൂലി പണം വെളുപ്പിക്കാന്‍ ഭരതന്‍ നായരും കൂട്ടാളികളും ഉണ്ടാക്കിയെടുത്ത ഐതിഹ്യത്തിലൂടെ ഒരു അമ്പലം സ്ഥാപിച്ചിട്ടുണ്ട്.

‘രാമായണകാലത്ത് സീതയെ അന്വേഷിച്ച് ലങ്കയിലേക്ക് പോകുന്ന വഴി ശ്രീരാമന്‍ ശ്രീകണ്ഠാപുരത്തിനടുത്തുള്ള ആര്യങ്കാവില്‍ വെച്ച് വഴിയറിയാതെ നിന്നുപോകുന്നു. ആ സമയം അവിടെ മോര് വില്‍ക്കുന്ന സ്ത്രീയോട് വഴി ചോദിക്കുന്നു. വഴി പറഞ്ഞുകൊടുക്കുന്ന സ്ത്രീ ശ്രീരാമന്റെ മുഖത്തെ ക്ഷീണം കണ്ടിട്ട് അദ്ദേഹത്തിന് മോരുംവെള്ളവും കടലമാവും കപ്പലണ്ടിയുമുള്ള ഒരു പലഹാരം കഴിക്കാനും നല്‍കുന്നു.

ശ്രീരാമന്‍ ആ സ്ത്രീയെ അനുഗ്രഹിച്ച ശേഷം യാത്ര തുടര്‍ന്നു. ആ സ്ത്രീയുടെ വീട് കാലങ്ങള്‍ക്ക് ശേഷം ഒരു അമ്പലമായി മാറി. ആ സ്ത്രീ ഒരു ദൈവമായി മാറി’ ഇതാണ് ചിത്രത്തില്‍ പറയുന്ന ഐതിഹ്യം. ആ അമ്പലത്തിലെ പ്രധാന പ്രസാദം മിച്ചറും സംഭാരവുമാണ്. ഇല്ലാത്ത കഥയുണ്ടാക്കി ഒരു നാടിനെ മുഴുവന്‍ ഭരതന്‍ നായര്‍ പറ്റിച്ചതായിട്ടാണ് ചിത്രത്തില്‍ കാണിക്കുന്നത്.

തലയില്‍ തേങ്ങ എറിഞ്ഞുടക്കുക, കവിളില്‍ ശൂലം കുത്തി പ്രദക്ഷിണം വെക്കുക, കനലില്‍ കൂടെ നടക്കുക എന്നീ വഴിപാടുകള്‍ നടത്തിയാല്‍ ദേവി പ്രസാദിക്കുമെന്നും ആഗ്രഹിച്ച കാര്യം നടക്കുമെന്നും അമ്പലത്തിന്റെ കമ്മിറ്റിക്കാര്‍ പറയുന്നുണ്ട്. ഈ വഴിപാടെല്ലാം നടത്തുന്ന ചില ‘ഭക്തരെ’ കാണാനാകും.

അനിമേഷന്‍ രൂപത്തിലാണ് ഈ സീന്‍ അവതരിപ്പിച്ചത്. സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ് ആണ് രാമന് ശബ്ദം നല്‍കിയത്. മിച്ചര്‍ തിന്നുന്ന രാമന്‍ പ്രേക്ഷകരെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. സീത എന്ന പേരിട്ടാല്‍ പോലും പ്രദര്‍ശനാനുമതി നിഷേധിക്കുന്ന സെന്‍സര്‍ ബോര്‍ഡ് ഈ സീന്‍ കണ്ടുകാണാന്‍ വഴിയില്ലെന്ന് അനുമാനിക്കാം.

ഇത് മാത്രമല്ല, സെന്‍സര്‍ ബോര്‍ഡ് യാതൊരു കട്ടും ആവശ്യപ്പെടാതെ പ്രദര്‍ശനാനുമതി നല്‍കിയ, പ്രധാനമന്ത്രി നേരിട്ട് പി.ആര്‍ വര്‍ക്ക് നടത്തിയ കേരള സ്റ്റോറി 2നെയും മോഹിനിയാട്ടം ട്രോളുന്നുണ്ട്. ജിനില്‍ റെക്‌സ അവതരിപ്പിച്ച അജയ്‌ഘോഷിന്റെ ഫോണില്‍ കേരള സ്‌റ്റോറി 2നെക്കുറിച്ചുള്ള റിവ്യൂവിന്റെ സ്‌ക്രീന്‍ഷോട്ട് കാണിക്കുന്നുണ്ട്. ‘ഇഹലോക തീട്ടപ്പടം’ എന്നാണ് ആ സ്‌ക്രീന്‍ഷോട്ടില്‍. കേരളത്തെ കരിവാരിത്തേക്കുന്ന സിനിമക്കെതിരെ സംവിധായകന്‍ നടത്തിയ പ്രതിഷേധം കൈയടി അര്‍ഹിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരുപാട് ചെറിയ ചെറിയ പോയിന്റുകള്‍ ചിത്രത്തിലുണ്ട്. ഡാര്‍ക്ക് കോമഡി ഴോണറിനൊപ്പം വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒരുകൂട്ടമാളുകളെ പച്ചക്ക് തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട് മോഹിനിയാട്ടം.

Content Highlight: Religious comedies worked well in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more