ജാംനഗർ: യു.എസ് ഉപരോധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി റിലയൻസ് കമ്പനി. ജാംനഗറിലുള്ള റിഫൈനറിയിലെ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പൂർണമായും നിർത്തുന്നത്.നവംബർ 20 മുതൽ ഇറക്കുമതി നിർത്തിയതായി കമ്പനി വക്താവ് പറഞ്ഞു.
റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകളും റഷ്യൻ എണ്ണയ്ക്ക് മേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധങ്ങളുമാണ് ഇതിന് കാരണമെന്ന് കമ്പനി പറഞ്ഞു.
നവംബർ 20 മുതൽ തങ്ങളുടെ എസ്.ഇ.സെഡ്. റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിയെന്നും ഡിസംബർ 1 മുതൽ, എസ്.ഇ.സെഡ് റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതികളും റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുകയെന്നും കമ്പനി വക്താവ് അറിയിച്ചു.
2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന യുറോപ്യൻ യൂണിയന്റെ ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഈ മാറ്റം പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു.
റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റിൽ നിന്നാണ് പ്രതിദിനം ഏകദേശം 500,000 ബാരൽ ക്രൂഡ് ഓയിൽ റിലയൻസ് കമ്പനി വാങ്ങിക്കുന്നത്.
റിലയൻസിന്റെ എണ്ണ കയറ്റുമതിയുടെ 28 ശതമാനവും യൂറോപ്പിൽ നിന്നാണ്. ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, യു.എസ് എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
റഷ്യയിലെ രണ്ട് മുൻനിര എണ്ണ ഉത്പാദകരായ റോസ്നെഫ്റ്റിനെയും ലുക്കോയിലിനെയും ലക്ഷ്യമിട്ടാണ് യു.എസ്
പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്.
ഇതിനുപിന്നാലെ എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്നും റിഫൈനറി പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
റഷ്യൻ എണ്ണ ഉത്പാദകരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ യു.എസ് നവംബർ 21 വരെ കമ്പനിക്ക് സമയം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് നിലവിൽ വിതരണം ചെയ്തിരുന്നത്. 2025 ൽ പ്രതിദിനം ശരാശരി 1.7 ദശലക്ഷം ബാരൽ ആയിരുന്നു ഇറക്കുമതി ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ ഏകദേശം 1.2 ബാരൽ റോസ്നെഫ്റ്റിൽ നിന്നും ലുക്കോയിലിൽ നിന്നും നേരിട്ട് ലഭിച്ചു. ഇതിൽ ഭൂരിഭാഗവും സ്വകാര്യ റിഫൈനർമാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും നയാര എനർജിയും വാങ്ങിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനർമാർക്ക് ചെറിയ വിഹിതം അനുവദിച്ചിരുന്നു.
Content Highlight: Reliance Industries halts oil imports from Russia following US sanctions