ചെന്നൈ: കീഴടി ഉത്ഖനന റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സി.പി.ഐ.എം. റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയ കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം വിമർശിച്ചു. കീഴടിയിലെ റിപ്പോർട്ട് പുറത്ത് വിടാത്ത കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ശാസ്ത്രീയമായി പിന്തുണയുള്ള കണ്ടെത്തലുകൾ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു.
കീഴടിയിലെ കണ്ടെത്തലുകൾ പുരാണങ്ങളിൽ വേരൂന്നിയ ചരിത്ര വിവരണങ്ങൾ നിർമിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഷൺമുഖം ഒരു പ്രസ്താവനയിൽ പറഞ്ഞു. ധനസഹായം നിർത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന പുരാവസ്തു വകുപ്പിനെ സ്വതന്ത്രമായി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സർക്കാരിന്റെ ശ്രമങ്ങളിലൂടെ തമിഴ് നാഗരികതയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിഷ്ക്രിയത്വം ചരിത്രത്തെയും ശാസ്ത്രത്തെയും ഒരുപോലെ വഞ്ചിക്കുന്നതായി വിശേഷിപ്പിച്ച സി.പി.ഐ.എം നേതാവ് യഥാർത്ഥ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം കീഴടി ഉത്ഖനന റിപ്പോർട്ടുകൾ പുറത്തുവിടുന്നത് കേന്ദ്രസർക്കാർ മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും തമിഴ് നാഗരികതയുടെ പുരാതന പൈതൃകത്തെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്നും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോയും വിമർശിച്ചു.
തമിഴ്‌നാട് പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനത്തിന്റെ നാലാം ഘട്ടം മുതൽ ഒമ്പതാം ഘട്ടം വരെയുള്ള ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ഒന്നും രണ്ടും ഘട്ട ഉത്ഖനനത്തിന്റെ ഫലങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വൈകോ ചോദിച്ചു.
കീഴടിയിലെ ഖനനങ്ങളെക്കുറിച്ചുള്ള പുരാവസ്തു ഗവേഷകൻ കെ. അമർനാഥ് രാമകൃഷ്ണയുടെ റിപ്പോർട്ടുകൾ ശാസ്ത്രീയമല്ലെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടുത്തിടെ ചെന്നൈയിൽ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകോയുടെ വിമർശനം.
കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച വൈകോ, തമിഴ് സംസ്കാരത്തിന്റെ ദ്രാവിഡ വേരുകളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രം സംസ്‌കൃത കേന്ദ്രീകൃതമായ ഒരു ആഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലാണ് കൂടുതൽ താത്പര്യം കാണിക്കുന്നതെന്ന് ആരോപിച്ചു.
പുരാവസ്തു ഗവേഷകനായ അമർനാഥ് രാമകൃഷ്ണയുടെ കീഴിലുള്ള ഒരു പുരാവസ്തു സർവേസംഘം 2013-14ൽ തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വൈഗ നദീതടത്തിലെ 293 സ്ഥലങ്ങളിൽ പര്യവേക്ഷണം നടത്തിയതോടെയാണ് കീഴടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകമറിഞ്ഞത്. പിന്നാലെ 2015ൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം തെക്കൻ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള കീഴടിയിലെ പള്ളിച്ചന്തൈ തിടലിലിലെ ഒരു തെങ്ങിൻ തോട്ടത്തിൽ ഉത്ഖനനം ആരംഭിച്ചു. തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ, പുരാവസ്തു ഗവേഷകർ 5,500ലധികം പുരാവസ്തുക്കൾ കണ്ടെത്തി.
കീഴടിയിലെ ഉദ്ഘനനത്തിൻ്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് നടത്തിയത്. എന്നാൽ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് പിന്നീട് അത് നിർത്തി വെച്ചു.
എന്നാൽ തമിഴ്‌നാട് സർക്കാർ ഒരു പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തു. തുടർന്ന് പ്രാദേശികമായി ഇതുമായി ബന്ധപ്പെട്ട പഠനം മുന്നോട്ട് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു. അങ്ങനെ, തമിഴ്‌നാട് പുരാവസ്തു വകുപ്പാണ് ബാക്കി ഉത്ഖനനങ്ങൾ നടത്തിയത്.
Content Highlight: Release report on Keezhadi findings immediately: CPIM