| Tuesday, 20th October 2026, 8:47 pm

നസ്‌ലെന് ഒരാഴ്ച സമയം തരും അത് കഴിഞ്ഞാല്‍ സന്ദീപെത്തും; കോസ്മിക് സാംസണ്‍ റിലീസ് ഡേറ്റ് പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ പേരെഴുതി ചേര്‍ത്ത നടനാണ് സന്ദീപ് പ്രദീപ്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു പറ്റം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നസ്ലെനും, മാത്യൂ തോമസും, സംഗീത് പ്രതാപും ഉള്‍പ്പെടുന്ന യുവ അഭിനേതാക്കളുടെ ഇടയിലായിരുന്നു സന്ദീപ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

കോസ്മിക് സാംസണ്‍. Photo: X.com

എക്കോയിലെ പിയൂസായുള്ള പ്രകടനത്തിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരത്തിന്റെ വരാനിരിക്കുന്ന ചിത്രമേതാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ലോകം ഒന്നടങ്കം. ഇവര്‍ക്ക് മറുപടിയായി കൊണ്ടായിരുന്നു താരത്തിന്റെ കോസ്മിക് സാംസണ്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പുറത്തുവന്നത്. മലയാളത്തില്‍ നിന്നും മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം എന്ന ടാഗില്‍ പുറത്തിറങ്ങുന്ന കോസ്മിക് സാംസണിന്റെ റിലീസ് ഡേറ്റ് പുറത്തുവന്ന സന്തോഷത്തിലാണ് സിനിമാലോകം ഇപ്പോള്‍.

നവംബര്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന കോസ്മിക് സാംസണ്‍ സംവിധാനം ചെയ്യുന്നത് അഭിജിത്ത് ജോസഫാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്നും മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം കൂടെ പുറത്തിറങ്ങുമ്പോള്‍ പ്രക്ഷകര്‍ക്കുള്ള പ്രതീക്ഷ ചെറുതല്ല. ചിത്രത്തില്‍ മിയ ജോര്‍ജ്, മുകേഷ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിലവിലെ ബോക്സ് ഓഫീസ് സാഹചര്യത്തില്‍ പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ വലിയ വിജയം നേടാനും ആക്ഷന്‍ ഹീറോ എന്ന രീതിയില്‍ തന്റെ സ്ഥാനം ഉറപ്പാക്കാനും കോസ്മിക് സാംസണിലൂടെ സന്ദീപിന് സാധിക്കും.

കോസ്മിക് സാംസണ്‍. Photo: X.com

ചിത്രം റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂസും തിയേറ്ററുകളിലെത്തുന്നുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ്, ഷറഫുദ്ദീന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇതോടെ മലയാളത്തിലെ പുത്തന്‍ തലമുറ നായകന്മാരുടെ ചിത്രങ്ങളാണ് ഒരാഴ്ച വ്യത്യാസത്തില്‍ തിയേറ്ററുകളിലേക്കെത്തുക.

Content Highlight: Release Date of Sandeep Pradeep Starrer Cosmic Samson out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more