| Saturday, 18th July 2026, 12:11 pm

അതങ്ങ് ഉറപ്പായി, ഓണത്തിന് തീ പാറും; ബത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ഡേറ്റ് പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സിനിമാ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. എന്നാല്‍ ഒന്നിലധികം ചിത്രങ്ങള്‍ വന്നാല്‍ ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പം കേരള ബോക്‌സ് ഓഫീസിനില്ല. ക്ലാഷ് റിലീസുകള്‍ വരുന്ന സാഹചര്യത്തില്‍ കൂട്ടത്തിലെ വമ്പന്‍ വിജയിയാകുന്നതാണ് മോളിവുഡിലെ പതിവ് കാഴ്ച. എന്നാല്‍ എണ്ണം പറഞ്ഞ മൂന്ന് ചിത്രങ്ങളാണ് ഈ ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്നത്.

ബത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Book My Show

ആഗസ്റ്റ് 20 ന് പൃഥ്വിരാജ് നായകനാകുന്ന ഖലീഫയും ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിമും റിലീസിനെത്തുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മത്സരം കടുപ്പിച്ച് കൊണ്ട് ബത്‌ലഹേം കുടുംബ യൂണിറ്റും രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ആഗസ്റ്റ് 21ന് റിലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് നിവിന്‍ പോളി അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

Photo: X.com

ഇതോടെ രണ്ട് ആക്ഷന്‍ ചിത്രങ്ങളും ഒരു ഫാമിലി റൊമാന്‍സ് ഡ്രാമയും ഈ ഓണത്തിന് തിയേറ്ററുകളിലേക്കെത്തുകയാണ്. പ്രേമലുവിന്റെ സംവിധയകന്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തന്നെ ബത്‌ലഹേം കുടുംബ യൂണിറ്റിന് വലിയ ഹൈപ്പാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം തന്നെ നിവിന്‍ പോളിയുടെ സ്‌ട്രോങ് ഴോണറില്‍ തെന്നിന്ത്യന്‍ സെന്‍സേഷനായ മമിത ബൈജു നായികയായെത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

അതേസമയം ശക്തമായ പോരാട്ടം തന്നെയായിരിക്കും ക്ലാഷില്‍ ചിത്രത്തിന് നേരിടേണ്ടി വരിക. സാക്ഷാല്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന ഖലീഫയ്ക്ക് പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ വലിയ പ്രതിസന്ധിയായിരിക്കും മറ്റ് രണ്ട് ചിത്രങ്ങള്‍ക്കും നേരിടേണ്ടി വരിക. അതേസമയം പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റും ലക്ഷ്യം വെച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ ഐ ആം ഗെയിം റിലീസിനെത്തുന്നത്.

Content Highlight: Release Date of Bethlahem Kudumba Unit out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more