റെജിൻ എസ്. ബാബുവിന്റെ സംവിധാനത്തിൽ പിറന്ന മിസ്റ്ററി- ത്രില്ലർ ഴോണറിലുള്ള ചിത്രമാണ് ഭൗമ. മലയാള സിനിമയിൽ ഇതുവരെയും പരീക്ഷിക്കപ്പെടാത്ത ഒരു സബ്ജക്റ്റാണ് സിനിമയുടെ പ്രമേയം. നവംബർ 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്. ദിലീഷ് പോത്തൻ, വിനീത്, രേവതി ശർമ, സാഗർ സൂര്യ, അതിഥി ബാലൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയ പേജുകളിൽ നടക്കുന്നത്. സിനിമയുടെ കഥയെയും ക്ലൈമാക്സിനെയും പറ്റിയാണ് ചർച്ചകളധികവും, ഒപ്പം അവ വിശദീകരിച്ചുകൊണ്ടുള്ള വിഡിയോകൾ യുട്യൂബിലും വന്നുകൊണ്ടിരിക്കുന്നുണ്ട്. അത്തരം ചർച്ചകളും വിഡിയോകളും വരുന്നത് സിനിമയുടെ വിജയമായിട്ടാണ് താൻ കാണുന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകനായിട്ടുള്ള റെജിൻ എസ്. ബാബു റിപ്പോർട്ടർ ഫിലിംസിനോട് പറയുന്നത്.
ചിത്രത്തിന്റെ റിവ്യൂസ്.Photo:Screen Grab/Youtube.com
‘ശരിക്കും പറയുകയാണെങ്കിൽ ഈ പറയുന്ന എക്സ്പ്ലനേഷൻ വീഡിയോസ് ഞാനും കണ്ടിരുന്നു. ഞാൻ ഞെട്ടുകയാണ് ചെയ്തത്. കാരണം നമ്മൾ പോലും ഉദ്ദേശിക്കാത്ത പല കാര്യങ്ങളും ലയേഴ്സായിട്ട് കണ്ടുപിടിച്ച് അവർ വീഡിയോസ് ചെയ്യുന്നത് ശരിക്കും ആ സിനിമയുടെ വിജയമാണ്. ആളുകൾ ഞാൻ ഉദ്ദേശിച്ചത് അല്ലെങ്കിൽ പോലും അത്തരം എലമെന്റ്സ് അവർ പറയുന്നത് ശരിയാണെന്ന് നമുക്ക് സമ്മതിക്കാനേ പറ്റുകയുള്ളൂ. ആളുകൾ ഇത് ചർച്ച ചെയ്യണമെങ്കിൽ പ്രത്യേകിച്ച് ഈ പറഞ്ഞ വീഡിയോയൊക്കെ, അതിനുവേണ്ടി എഫേർട്ടിട്ട് റിസർച്ച് ചെയ്തിട്ടാണെന്ന് എനിക്ക് തോന്നുന്നു. സ്ക്രിപ്റ്റിന് പോലും അത്ര റിസർച്ച് ഞാൻ ചെയ്തിട്ടില്ല.
എനിക്ക് തോന്നുന്നു മണിച്ചിത്രത്താഴ് സിനിമ ഇറങ്ങിയിട്ട് ഇതുപോലെ ആ കാലത്ത് ഈ സോഷ്യൽ മീഡിയയിലുള്ള മൂവി സ്ട്രീറ്റിലും സിനിമ പാരഡൈസിലുമൊക്കെ ഒരുപാട് ഡിസ്കഷൻ നടന്നിരുന്നു. ആ റൈറ്റർ പോലും ചിന്തിക്കാത്ത രീതിയിൽ അവർ സിനിമയെ പറ്റി എഴുതിയിരുന്നു. അന്ന് അതിന്റെ റൈറ്റർ ആയിരുന്ന മധു മുട്ടം സാർ ഒരു കമന്റ് ഇട്ടു, ‘ചില സിനിമകൾ ആളുകൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ റൈറ്ററിന്റെ മുകളിൽ റിവ്യൂവേഴ്സ് വരുന്നു’ എന്നുള്ള രീതിയിലായിരുന്നു അത്. എന്നാൽ ഞാൻ ഇത് സിനിമയുടെ വിജയമായിട്ടേ കാണുന്നുള്ളൂ.
അത്തരം റിസർച്ചുകളൊക്കെ ആൾക്കാർ ചെയ്യണമെങ്കിൽ അത്രയും ഇൻവോൾവ്ഡായിട്ട് സിനിമ കണ്ടതുകൊണ്ടായിരിക്കുമെന്നും അതൊരു ഡിസ്കഷൻ പോയിന്റായിട്ട് നിൽക്കുന്നതാണ് തനിക്കിഷ്ടമെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമയുടെ ഉദ്ദേശം അത് ആളുകളിലേക്ക് എത്തിക്കുകയും അതൊരു ചർച്ചാവിഷയം ആവുക എന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ ഒരു ഫാക്ടറിൽ ഭൗമ അതിൽ വിജയിച്ചിട്ടുണ്ട് എന്നാണ് തനിക്ക് ഇത്തരം വീഡിയോസ് കാണുമ്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Rejin S Babu reacts to and welcomes the videos and discussions related to the film, Bouma