| Monday, 1st December 2025, 11:08 am

ആന്റണിയുടെ ചതിയല്ല മക്കളേ, പക്കാ രാജതന്ത്രം, ദൃശ്യം 3 വിറ്റത് 350 കോടിക്ക്, ചര്‍ച്ചയായി എം. രഞ്ജിത്തിന്റെ വാക്കുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 3യുടെ തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ ബോളിവുഡ് നിര്‍മാതാക്കളായ പനോരമക്ക് ആശീര്‍വാദ് സിനിമാസ് വിറ്റെന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മോളിവുഡിന്റെ പൊട്ടന്‍ഷ്യല്‍ മൊത്തം എടുത്തുകാണിക്കാന്‍ സാധ്യതയുള്ള ചിത്രമായ ദൃശ്യം 3 ഇങ്ങനെ വില്‍ക്കാന്‍ പാടില്ലായിരുന്നെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞദിവസം മനോരമ ഹോര്‍ത്തൂസ് വേദിയില്‍ നിര്‍മാതാവ് എം. രഞ്ജിത് പറഞ്ഞ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സകല റൈറ്റ്‌സും വിറ്റുപോയത് 350 കോടിക്കാണെന്നാണ് രഞ്ജിത് പറഞ്ഞത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന റൈറ്റ്‌സാണിത്.

ദൃശ്യം 3യുടെ റൈറ്റ്‌സ് സ്വന്തമാക്കിയെന്ന് അറിയിച്ചുകൊണ്ട് പനോരമ സ്റ്റുഡിയോസ് പങ്കുവെച്ച കുറിപ്പിന് പിന്നാലെ പലരും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ‘കൊലച്ചതിയായിപ്പോയി’ എന്നൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. ചിത്രം എപ്പോള്‍ പുറത്തിറങ്ങണമെന്ന് ബോളിവുഡ് തീരുമാനിക്കും എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

എന്നാല്‍ ആന്റണി നടത്തിയത് ചതിയല്ലെന്നും രാജതന്ത്രമാണെന്നും ഇപ്പോള്‍ മനസിലായെന്നാണ് പല പോസ്റ്റുകളും. തിയേറ്റര്‍ കളക്ഷന്‍ പോലും 100 കോടി എത്തിക്കാന്‍ പല നടന്മാരും പാടുപെടുമ്പോള്‍ റൈറ്റ്‌സിലൂടെ മാത്രം 300 കോടിക്കുമുകളില്‍ സ്വന്തമാക്കാന്‍ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് മാത്രമേ സാധിക്കുള്ളൂവെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

Antony Perumabvoor/ Facebook/ Antony perumbavoor

മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ലോകഃ 304 കോടിയാണ് സ്വന്തമാക്കിയത്. എന്നാല്‍ തിയേറ്റര്‍ റിലീസിന് മുമ്പ് 300 കോടിക്കുമുകളില്‍ സ്വന്തമാക്കിക്കൊണ്ട് ദൃശ്യം 3 ചരിത്രം കുറിച്ചിരിക്കുകയാണ്. എന്നാല്‍ രഞ്ജിത് പറഞ്ഞ റൈറ്റ്‌സ് തുകയെക്കുറിച്ച് ആശീര്‍വാദ് സിനിമാസോ പനോരമ സ്റ്റുഡിയോസോ പ്രതികരിച്ചിട്ടില്ല.

ദൃശ്യം എന്ന ബ്രാന്‍ഡിന് കേരളത്തിന് പുറത്ത് വലിയ സ്വീകാര്യതയാണുള്ളത്. എന്നാല്‍ മലയാളം വേര്‍ഷനെക്കാള്‍ അജയ് ദേവ്ഗണിന്റെ ഹിന്ദി വേര്‍ഷനാണ് കൂടുതല്‍ സ്വീകാര്യത. ഹിന്ദിയാണ് ഒറിജിനലെന്നാണ് പല ഹിന്ദി സിനിമാപേജുകളും ഇപ്പോഴും അവകാശപ്പെടുന്നത്. മലയാളത്തോടൊപ്പം ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് ഒരുമിച്ച് തിയേറ്ററുകളിലെത്തിക്കാന്‍ ബോളിവുഡ് നിര്‍മാതാക്കള്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ മലയാളം വേര്‍ഷന് ശേഷം മാത്രമേ ഹിന്ദി പതിപ്പിന്റെ ഷൂട്ട് തുടങ്ങാന്‍ പാടുള്ളൂവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. നിലവില്‍ മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 3 അവസാനഘട്ട ഷൂട്ടിലാണ്. ഡിസംബര്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rejaputhra Renjith saying Drishyam 3 rights sold for 350 crores

We use cookies to give you the best possible experience. Learn more