| Sunday, 23rd February 2025, 8:23 pm

മറാത്തി സംസാരിക്കാന്‍ വിസമ്മതിച്ചു; കര്‍ണാടകയില്‍ ബസ് കണ്ടക്ടറെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പുരുഷന്മാരെയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരോട് കന്നഡയില്‍ സംസാരിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെലഗാവി പട്ടണത്തില്‍ നിന്ന് ബാലെകുന്ദ്രിയിലേക്ക് പോകുകയായിരുന്ന നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് അതിക്രമം ഉണ്ടായത്.

കര്‍ണാടകയുടെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തി മേഖലയാണ് ബെലഗാവി. കര്‍ണാടകയിലെ ബെലഗാവി ജില്ല ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് ഭാഷയുടെ പേരില്‍ ബസ് കണ്ടക്ടറെ യാത്രക്കാര്‍ ആക്രമിച്ചത്.

ബസില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടി മറാത്തിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഭാഷ മനസിലാകാത്തതിനാല്‍ കന്നഡയില്‍ സംസാരിക്കാന്‍ കഴിയുമോയെന്ന് തിരിച്ചുചോദിച്ചെന്നും കണ്ടക്ടര്‍ മഹാദേവ് ഹുക്കേരി പറഞ്ഞു.

പിന്നാലെ ബസ് ബാലെകുന്ദ്രിയില്‍ എത്തിയതോടെ യാത്രക്കാരില്‍ ചിലര്‍ മഹാദേവനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഇരുസംസ്ഥാനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

കണ്ടക്ടര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രിയോടെ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ വെച്ച് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന് നേരെ ആക്രമണം നടന്നിരുന്നു.

തുടര്‍ന്നാണ് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസ് മഹാരാഷ്ട്ര നിര്‍ത്തിവെച്ചത്. പിന്നാലെ മഹാരാഷ്ട്രയിലേക്കുള്ള ബസ് സര്‍വീസ് കര്‍ണാടക വെട്ടിക്കുറക്കുകയും ചെയ്തു.

അതേസമയം കണ്ടക്ടര്‍ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കേസ്. കണ്ടക്ടര്‍ തുറിച്ചുനോക്കിയെന്നും മോശമായ ആംഗ്യങ്ങള്‍ കാണിച്ചെന്നുമാണ് പരാതി. എന്നാല്‍ കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകളും രംഗത്തെത്തി.

Content Highlight: refused to speak Marathi; Four people were arrested for beating the bus conductor in karnataka

We use cookies to give you the best possible experience. Learn more