| Wednesday, 17th September 2025, 8:22 pm

ഇ.വി.എം ബാലറ്റ് പേപ്പറുകളിൽ പരിഷ്കരണം; ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ കളറാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇ.വി.എം ബാലറ്റ് പേപ്പറുകൾ കൂടുതൽ വായനയോഗ്യമാക്കാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് മെഷീനുകള്‍ക്ക് മുകളില്‍ ഒട്ടിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ചിത്രവും അടങ്ങിയ പ്രിന്റാണ് ഇ.വി.എം ബാലറ്റ് പേപ്പറുകള്‍

1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49 ബി പ്രകാരമാണ് നിലവിലെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കുന്നത്. പേപ്പറുകളുടെ രൂപകല്പനയ്ക്കും അച്ചടിക്കലിനും വ്യക്തതയും വായനക്ഷമതയും വർധിപ്പിക്കുന്നതിനായാണ് പരിഷ്‌ക്കരണം.

ഇ.വി.എം ബാലറ്റ് പേപ്പറിന്റെ രൂപകൽപ്പനയും അച്ചടിയും സംബന്ധിച്ച മാർഗനിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി.

പുതിയ പരിഷ്കരണത്തിൽ ഇ.വി.എം പേപ്പറുകളിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ കളറിൽ അച്ചടിക്കുകയും ഫോട്ടോയിൽ നാലിൽ മൂന്നു ഭാഗവും സ്ഥാനാർത്ഥിയുടെ മുഖം ഉൾകൊള്ളിക്കാൻ കഴിയുകയും ചെയ്യും.

ഇ.വി.എം പേപ്പറുകൾ ഏകീകൃതമാക്കാൻ എല്ലാ സ്ഥാനാർത്ഥികളുടെയും നോട്ടയുടെയും പേരുകൾ ഒരേ ഫോണ്ടിലും എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്ര വലുപ്പത്തിലും അച്ചടിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സീരിയൽ നമ്പർ 30 എന്ന ഫോണ്ട് വലുപ്പത്തിലും ബോൾഡിലും ഇന്ത്യൻ നമ്പറുകളുടെ അന്താരാഷ്ട്ര രൂപത്തിൽ അച്ചടിക്കും.

ഇ.വി.എം ബാലറ്റ് പേപ്പർ 70 ജി.എസ്.എം പേപ്പറിൽ അച്ചടിക്കണം. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ആർ.ജി.ബി മൂല്യമുള്ള പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

പുതുക്കിയ ഇ.വി.എം ബാലറ്റ് പേപ്പറുകൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുമെന്നും ബീഹാറിൽ നിന്നും അതാരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.

Content Highlight: Reforms in EVM ballot papers: Candidates’ photos to be colored from Bihar assembly elections

We use cookies to give you the best possible experience. Learn more