| Monday, 5th February 2018, 8:50 am

നീണ്ട 33 വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും നദിയ എത്തുന്നു, മോഹന്‍ലാലിന്റെ നായികയാവാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കോസ്‌മോഫ്രില്‍ കണ്ണട വച്ച് ശ്രീകുമാറിനെ കളിച്ചിച്ച ഗേളിയെ മറക്കാത്തവരായി മലയാളികള്‍ ആരുമുണ്ടാകില്ല. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച പുത്തന്‍ താരോദയമായിരുന്നു നദിയ മൊയ്തു. ചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം തമിഴ്, തെലുങ്ക്, ഭാഷകളിലും മലയാളത്തിലും അവര്‍ സജീവമായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പവും അവര്‍ അഭിനയിച്ചു. കുറച്ചു നാളത്തേ ഇടവേളക്കുശേഷം ലാലേട്ടന്റെ നായികയാവാന്‍ തയ്യാറെടുക്കുകയാണ് നദിയ മൊയ്തു ഇപ്പോള്‍.

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലൂടെയാണ് നദിയ തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് നദിയ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നീരാളി. ചിത്രത്തില്‍ മോഹന്‍ലാലിനൊടൊപ്പം സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മുംബൈയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം മെയ് 4 ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more