| Tuesday, 11th November 2025, 7:36 am

ചെങ്കോട്ട സ്‌ഫോടനം: യു.എ.പി.എ, എക്‌സ്‌പ്ലോസീവ് ആക്ട് ചുമത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ ദല്‍ഹി പൊലീസ് യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തീവ്രവാദ പ്രവര്‍ത്തനവും എക്‌സ്‌പ്ലോസീവ് ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാവേറാക്രമണമാണ് നടന്നതെന്ന സംശയത്തെ തുടര്‍ന്നാണ് യു.എ.പി.എ അടക്കം ചുമത്തിയിരിക്കുന്നത്. സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തിന് കാരണമായ ഹ്യുണ്ടായ് ഐ20 കാറിന്റെ ഉടമകളിലൊരാള്‍ കശ്മീരിലെ പുല്‍വാമ സ്വദേശിയാണെന്ന് അന്വേഷണസംഘം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

HR 26 CE 7674 എന്ന ഹരിയാന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറാണ് സ്‌ഫോടനത്തിന് കാരണമായത്. തുടര്‍ന്ന് കാറിന്റെ യഥാര്‍ത്ഥ ഉടമയായ മുഹമ്മദ് സല്‍മാന്‍ എന്നയാളെ ഗുരുഗ്രാമില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

സല്‍മാന്‍ 18 മാസം മുമ്പ് ദല്‍ഹിയിലെ ഓഖ്‌ല സ്വദേശി ദേവേന്ദ്രയ്ക്ക് കാര്‍ വിറ്റെന്നും പിന്നീട് അംബാല സ്വദേശിക്ക് വിറ്റെന്നുമാണ് റിപ്പോര്‍ട്ട്.

ഇയാള്‍ പുല്‍വാമ സ്വദേശിയായ താരിഖ് എന്ന വ്യക്തിക്ക് കാര്‍ വിറ്റതായി പൊലീസിന് സൂചന ലഭിച്ചു. താരിഖ് ഈ കാര്‍ മറ്റൊരാള്‍ക്ക് വിറ്റോ എന്നത് വ്യക്തമല്ല.

തുടര്‍ന്ന് കാറിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താനായി ആര്‍.ടി.ഒയുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.

സ്‌ഫോടനം ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റായിരുന്നു എന്ന സംശയമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചിടാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ദല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അതേസമയം, തിങ്കളാഴ്ച വൈകുന്നേരമാണ് ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്. കാറില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നു.

സ്‌ഫോടനത്തില്‍ സമീപത്തെ കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ സതീശ് ഗോള്‍ച്ച പറഞ്ഞു.

രണ്ട് ഡസനോളം വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ കത്തിനശിച്ചു. 40 മിനിറ്റോളം വാഹനങ്ങള്‍ നിന്നുകത്തി. പിന്നീട് അഗ്നിരക്ഷാ സേനയുടെ ശ്രമത്തിന്റെ ഭാഗമായാണ് തീയണച്ചത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ സ്‌ഫോടനത്തില്‍ അപലപിച്ചു.

Content Highlight: Red Fort blast: UAPA, Explosives Act charged; Car owner is from Pulwama; Two people in custody

We use cookies to give you the best possible experience. Learn more