ന്യൂദൽഹി: ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് എൻ.ഐ.എ. സ്ഫോടകവസ്തു അബദ്ധത്തിൽ പൊട്ടിയതാകാമെന്നാണ് എൻ.ഐ.എയുടെ പ്രാഥമിക നിഗമനം. സ്ഫോടനം ഉണ്ടാകുമ്പോഴും കാർ നീങ്ങുന്നുണ്ടായിരുന്നെന്ന് എൻ.ഐ.എ പറഞ്ഞു.
ചാവേർ സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാനുള്ള ലോഹഭാഗങ്ങളും മറ്റും കാറിൽ ഉണ്ടായിരുന്നില്ലെന്നതാണ് എൻ.ഐ.എയെ ചാവേർ ആക്രണമമല്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.
സ്ഫോടനത്തിന്റെ ലക്ഷ്യത്തിലേക്ക് കാർ ഇടിച്ചുകയറ്റിയിട്ടില്ലെന്നും എൻ.ഐ.എ അറിയിച്ചു. പൂർണ തോതിലാകാത്ത ബോംബാണ് പൊട്ടിയതെന്നും എൻ.ഐ.എ കണ്ടെത്തി.
ഫരീദാബാദിൽ നിന്നും സ്‌ഫോടക സാധ്യതയുള്ള വസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്ന് ഭയപ്പെട്ട ഡോ.ഉമ്മർ ഈ വസ്തുക്കൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ പൊട്ടിയതാകാമെന്നാണ് എൻ.ഐ.എയുടെ നിലവിലുള്ള നിഗമനം.
നിഗമനത്തിലെത്തിച്ചേരാൻ മൂന്ന് കാര്യങ്ങളാണ് എൻ.ഐ.എ മുന്നോട്ടുവെക്കുന്നത്.
ഒന്നാമതായി ഒരു ചാവേർ ബോംബ് ആക്രമണത്തിൽ പരമാവധി ആളുകളിലേക്ക് പരിക്കു പറ്റുന്നതിനായി ലോഹ ഭാഗങ്ങൾ, ലോഹച്ചീളുകൾ, കുപ്പിച്ചില്ലുകളൊക്കെ ഉപയോഗിക്കുമെന്നും എന്നാൽ അത്തരത്തിൽ ഒന്നും തന്നെ സംഭവ സ്ഥലത്തുനിന്നും ലഭിച്ചില്ല. രണ്ടാമതായി എവിടെയും ഇടിച്ചുകയറാനുള്ളൊരു ശ്രമം നടത്തിയില്ല. മറ്റൊന്ന് കാർ ചെങ്കോട്ടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്നെന്നും അവിടെ നിന്നും സ്ഫോടനം നടന്നിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചേനെയെന്നും എൻ.ഐ.എ വ്യക്തമാക്കി.
Content Highlight: Red Fort blast; NIA rules out possibility of suicide blast