തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ (ബുധന്‍) ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത.
നിലവില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് (ചൊവ്വ) ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്.
ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.
വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടുള്ള ജില്ലകള്‍
22/10/2025: തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ്
23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്
24/10/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
25/10/2025: കണ്ണൂര്‍, കാസര്‍ഗോഡ്
റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlight: Red alert; holiday for educational institutions in Idukki on Wednesday