ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനത്തോട് അടുക്കുകയാണ്. മൂന്ന് ഏകദിനത്തിലും അഞ്ച് ടി-20കള്‍ക്കുമായാണ് നിലവിലെ ടി-20 ലോകചാമ്പ്യന്‍മാര്‍ ഏകദിന ലോകകപ്പ് ജേതാക്കളുടെ മടയിലെത്തുന്നത്.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങുന്നതും ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇറങ്ങുന്നതുമാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
ഈ പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് എണ്ണമറ്റ റെക്കോഡുകളാണ്. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരം തുടങ്ങിയ നേട്ടങ്ങളാണിത്.
പരമ്പരയില്‍ 54 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടം ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേരില്‍ കുറിക്കപ്പെടും. 14,181 റണ്‍സാണ് നിലവില്‍ വിരാടിന്റെ പേരിലുള്ളത്. 14,234 റണ്‍സുള്ള ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയെയാണ് വിരാടിന് മറികടക്കാന്‍ സാധിക്കുക.
ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ (ഏകദിനം+ടി-20) ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കാനായി വിരാട് കോഹ്‌ലിക്ക് വേണ്ടത് വെറും 68 റണ്‍സ് കൂടിയാണ്.
നിലവില്‍ 18436 റണ്‍സാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സച്ചിന്റെ പേരിലുള്ളത്. 18,426 റണ്‍സ് ഏകദിനത്തിലും പത്ത് റണ്‍സ് അന്താരാഷ്ട്ര ടി-20യിലും. ഏകദിനത്തില്‍ 14,181 റണ്‍സും ടി-20ഐയില്‍ 4188 റണ്‍സുമായി 18,369 റണ്‍സുമായാണ് വിരാട് കുതിപ്പ് തുടരുന്നത്.
അടുത്ത 26 ഇന്നിങ്സുകളില്‍ നിന്നും 401 റണ്‍സ് സ്വന്തമാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 28,000 അന്താരാഷ്ട്ര റണ്‍സ് (ടെസ്റ്റ്+ഏകദിനം+ ടി-20) പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും.
ഒരു ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളില്‍ സച്ചിനെ മറികടന്ന് ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തെത്താനും വിരാടിന് അവസരമുണ്ട്. ഇതിനായി വേണ്ടതാകട്ടെ വെറും ഒരു സെഞ്ച്വറിയും. ടെസ്റ്റ് ഫോര്‍മാറ്റില്‍ സച്ചിനും ഏകദിന ഫോര്‍മാറ്റില്‍ വിരാടിനും 51 സെഞ്ച്വറി വീതമുണ്ട്.
ഈ പര്യടനത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി ഈ സെഞ്ച്വറി നേടിയാല്‍ അന്താരാഷ്ട്ര തലത്തില്‍ 30 ഓവര്‍സീസ് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും വിരാട് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കും.
ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത് വിജയിക്കുന്ന മത്സരങ്ങളില്‍ നിന്നും വെറും രണ്ട് റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ സക്സസ്ഫുള്‍ ചെയ്സിങ്ങില്‍ 6,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും വിരാടിന് സ്വന്തമാക്കാം.
ഈ പരമ്പരയില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഒന്നിച്ച് ക്രീസിലെത്തിയാല്‍ നൂറ് ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ബാറ്റിങ് പെയര്‍ എന്ന നേട്ടവും വിരാടിന്റെയും രോഹിത്തിന്റെയും പേരില്‍ കുറിക്കപ്പെടും. ഇതിനായി വിരാട് ഒറ്റ റണ്‍സ് പോലും നേടണമെന്നില്ല, മറിച്ച് കോഹ്‌ലി കളത്തിലിറങ്ങുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മയുണ്ടായാല്‍ മാത്രം മതി, ഇരുവര്‍ക്കും ഈ നേട്ടത്തിലെത്താം.
Content Highlight: Records that can be brake by Virat Kohli in Australia – India series