| Tuesday, 2nd June 2026, 3:47 pm

കിരീടമില്ലെങ്കിലും വൈഭവിന്റെ മടക്കം തലയുയര്‍ത്തി; ബേബി ബോസ് സ്വന്തമാക്കിയത് നേട്ടങ്ങളുടെ പെരുമഴ

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 എന്ന് പറയുമ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക വൈഭവ് സൂര്യവംശി എന്ന 15കാരന്റെ മുഖമായിരിക്കും. തന്റെ രണ്ടാം ഐ.പി.എല്‍ സീസണില്‍ തന്നെ വെടിക്കെട്ട് പ്രകടനം നടത്തി താരം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 776 റണ്‍സാണ് ഇടം കൈയ്യന്‍ താരം അടിച്ചുകൂട്ടിയത്.

ഇതിനൊപ്പം മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍, ഏറ്റവും കൂടുതല്‍ സിക്സറുകള്‍, എമര്‍ജിങ് പ്ലെയര്‍ എന്നീ അവാര്‍ഡുകളും വൈഭവ് തന്റെ അക്കൗണ്ടിലെത്തിച്ചു. കിരീടമില്ലാതെ കണ്ണീരോടെയാണ് ഈ സീസണിലും താരം രാജസ്ഥാന്‍ റോയല്‍ താരം മടങ്ങുന്നത്.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

എന്നാല്‍, ആരാധകര്‍ക്ക് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തന്നെ ഒരുപിടി റെക്കോഡുകളും സൂര്യവംശി നേടിയെടുത്തിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന നേട്ടമാണ്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകര്‍ത്താണ് താരത്തിന്റെ ഈ വേട്ട.

ഈയൊരു ഒറ്റ സീസണില്‍ വൈഭവ് ഗാലറിയിലെത്തിച്ചത് 72 സിക്‌സറുകളാണ്. ഗെയ്ല്‍ 59 സിക്സറുകള്‍ അടിച്ചായിരുന്നു ഏറെ കാലം ഈ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്.

ഒരു സീസണില്‍ 300 റണ്‍സിലധികം നേടിയവരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടവും വൈഭവ് ഈ വര്‍ഷം സ്വന്തമാക്കി. 237. 30 സ്ട്രൈക്കില്‍ കളിച്ചാണ് ബേബി ബോസിന്റെ ഈ നേട്ടം.

ഇതിനൊപ്പം ഒരു ഐ.പി.എല്‍ സീസണില്‍ 500 പവര്‍പ്ലേ റണ്‍സ് നേടുന്ന ഏക താരമെന്ന നേട്ടമിപ്പോള്‍ വൈഭവിന് സ്വന്തമാണ്. കൂടാതെ 19ാം സീസണില്‍ 776 റണ്‍സ് നേടിയതോടെ ഒരു സീസണില്‍ അണ്‍ ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് ഈ 15കാരന്‍ സ്വന്തം പേരില്‍ കുറിച്ചു.

വൈഭവ് സൂര്യവംശി.Photo: espncricinfo.com

ഈ റെക്കോഡ് വേട്ടക്കൊപ്പം തന്നെ ഐ.പി.എല്ലില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലും വൈഭവ് പിന്നിട്ടു. നിലവില്‍ താരത്തിന് ടൂര്‍ണമെന്റില്‍ 1028 റണ്‍സുണ്ട്. സൂപ്പര്‍ മൈല്‍സ്റ്റോണില്‍ എത്തിയതോടെ ഒറ്റയടിക്ക് മറ്റ് രണ്ട് റെക്കോഡുകള്‍ കൂടി രാജസ്ഥാന്‍ ഓപ്പണര്‍ കൈവരിച്ചു.

ഐ.പി.എല്ലില്‍ 1000 റണ്‍സ് നേടുന്ന പ്രായം കുറഞ്ഞതും വേഗതയേറിയ താരമെന്ന നേട്ടവുമാണ് വൈഭവ് തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. കിരീടമില്ലെങ്കിലും വൈഭവ് തന്നെയാണ് ഈ സീസണില്‍ ഏറെ മുന്നിലുളളത്.

Content Highlight: Records broken by Vaibhav Sooryavanshi in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more