ഫിലിം ഇന്ഡസ്ട്രിയെന്ന നിലയില്‍ മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുകയാണ് മലയാളം. മനുഷ്യ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ എന്നും ഒരു പടി മുന്നില്‍ നിന്ന മോളിവുഡിന് ചീത്തപേരുണ്ടായിരുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളെടുക്കുന്നതിനുള്ള ബോക്‌സ് ഓഫീസ് കരുത്ത് മലയാളത്തിനില്ല എന്നതായിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനം. തുടര്‍ച്ചയായി നൂറ് കോടി, ഇരുനൂറ് കോടി ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും വന്നതോടെ ബജറ്റ് വിഷയമില്ലാതെ മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ് പ്രേക്ഷകര്‍. 25 ദിവസത്തെ പ്രദര്‍ശനം കൊണ്ട് കേരളത്തില്‍ നിന്നും മാത്രം 122 കോടി നേടി വാഴ 2 പുതിയ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃയുടെ റെക്കോര്‍ഡ് വെട്ടിച്ചായിരുന്നു വാഴ 2 ഈ നേട്ടത്തിലെത്തിയിരുന്നത്.
ഗോഡ്ഫാദര്‍ . Photo: IMDB
എന്നാല്‍ റെക്കോര്‍ഡുകളെല്ലാം മാസങ്ങള്‍ കൊണ്ട് തകരുന്ന ഇന്നത്തെ കാലത്ത് ഇനിയൊരിക്കലും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡിനെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് രചനയും സംവിധാനവും നിര്‍വഹിച്ച് 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ദിവസങ്ങളുടെ എണ്ണമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നത്.
മുകേഷ്, തിലകന്‍, ഭീമന്‍ രഘു, എന്‍.എന്‍.പിള്ള, ഫിലോമിന, ഇന്നസെന്റ്, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഏകദേശം 400 ദിവസത്തോളമായിരുന്നു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നത്. ആനപ്പാറയില്‍ അച്ചാമയുടെയും അഞ്ഞൂറാന്റെയും പകയുടെ കഥ പറഞ്ഞ ചിത്രം 400ാം ദിവസം പ്രദര്‍ശനം നടത്തുന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഒ.ടി.ടികള്‍ സജീവമായ ഇന്നെത്തക്കാലത്ത് ഈ റെക്കോര്‍ഡിന് ഇനി സാധുതയില്ലെന്നാണ് പലരുടെയും അഭിപ്രായം.
പേട്രിയറ്റ്. Photo: Mammootty/ Facebook.com
അതേസമയം 210 കോടിയും കടന്ന് മുന്നേറുന്ന വാഴയുടെ റെക്കോര്‍ഡുകളൊന്നും ഭദ്രമല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളത്തിലെ അതികായരായ മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനവേഷത്തലെത്തുന്ന പേട്രിയറ്റ് മെയ് ഒന്നിന് റിലീസിനെത്തുന്നുണ്ടെന്നതാണ് ഇതിന് കാരണം.
Content Highlight: Record of 400 days of theatrical run of godfather in view of Vaazha 2