മിലാന്‍: ഇസ്രഈലിന്റെ വംശഹത്യ അവസാനിപ്പിക്കാനായി മുന്‍കൈയ്യെടുക്കാനും ഫലസ്തീനെ രാജ്യമായി അംഗീകരിക്കാനും ആവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിച്ച് ഇറ്റലിയിലെ പതിനായിരക്കണക്കിന് ജനങ്ങള്‍.
ഇറ്റലിയിലെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ തിങ്കളാഴ്ച ഇറ്റലിയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകള്‍ സംഘര്‍ഷഭൂമിയായി മാറി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിച്ചാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ നടന്നത്.
ഇസ്രഈലിനെ നയതന്ത്ര തലത്തിലും സാമ്പത്തികരംഗത്തും ഉപരോധിക്കുക, ഗസയിലെ വംശഹത്യയെ ഇറ്റലി സര്‍ക്കാര്‍ അപലപിക്കാന്‍ തയ്യാറാവുക, ഫലസ്തീന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച ഇറ്റലിയിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വന്‍ജനപിന്തുണയോടെ ആരംഭിച്ച പ്രതിഷേധ സമരത്തില്‍ ഇറ്റലിയിലുടനീളം പ്രതിഷേധ റാലികളും തുറമുഖ ഉപരോധവും റോഡ് ഉപരോധവും സമരങ്ങളും പണിമുടക്കും സംഘടിപ്പിക്കപ്പെട്ടു. ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി.
തീവ്രവലതുപക്ഷം ഭരിക്കുന്ന ഇറ്റലി ഇസ്രഈലിന്റെ വംശഹത്യയെ തള്ളിപ്പറഞ്ഞ് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറ്റാലിയന്‍ ജനത സര്‍ക്കാരിനെതിരെ തിരിഞ്ഞത്. മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇസ്രഈല്‍ അനുകൂല നിലപാട് മാറ്റി ഫലസ്തീന് ഒപ്പം നിലകൊള്ളുന്നത് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു.
സമീപകാലത്ത് ഇറ്റലിയില്‍ നടന്ന ഏറ്റവും വലിയ രാജ്യവ്യാപക പ്രതിഷേധമാണിത്. പതിനായിരക്കണക്കിന് പൗരന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സര്‍ക്കാരിനും അടിപതറുകയാണ്. സ്‌കൂളുകള്‍ അടച്ചിട്ടും ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയും തുറമുഖങ്ങളും റോഡും ഉപരോധിച്ചും കനത്തപ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.
മിലാന്‍,റോം, ബൊളോണ തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലാണ് ഏറ്റവും വലിയ പ്രതിഷേധസമരങ്ങള്‍ നടന്നത്. മിലാനില്‍ മാത്രം അരലക്ഷം ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചെന്ന് പണിമുടക്കിന് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. ബൊളോണയില്‍ പതിനായിരത്തിലേറെ പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.
അതേസമയം, പ്രതിഷേധം കനത്തതോടെ പലയിടത്തും പൊലീസിടപെടലുമുണ്ടായി. തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് പൊട്ടിപ്പുറപ്പെട്ടത്. മിലാന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.
സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസിന് നേരെ ടിയര്‍ ബോംബുകളും കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞും സമരക്കാര്‍ പ്രതിഷേധിച്ചു. ബൊളോണയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മിലന്‍ സെന്‍ട്രല്‍ സ്‌റ്റേഷന്‍ അടിച്ചുതകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചത് വലിയ സംഘര്‍ത്തിനാണ് കാരണമായത്.
റോമിലെ ടെര്‍മിനി ട്രെയിന്‍ സ്‌റ്റേഷന് പുറത്ത് ഇരുപതിനായിരത്തിലധികം ആളുകള്‍ ഫലസ്തീന്‍ പതാക വീശിയും ‘സ്വതന്ത്ര ഫലസ്തീന്‍’ മുദ്രാവാക്യം വിളിച്ചും തടിച്ചുകൂടി.
ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതിനുള്ള മാര്‍ഗമായി ഇറ്റലിയെ ഉപയോഗപ്പെടുത്തുന്നു എന്ന ആശങ്ക പ്രകടിപ്പിച്ച് ജെനോവയിലേയും ലിവോര്‍ണോയിലും ഡോക്ക് തൊഴിലാളികള്‍ തുറമുഖങ്ങള്‍ ഉപരോധിച്ചു.
ഉന്മൂലനം ചെയ്യപ്പെടുന്ന ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ് ഈ സമരമെന്ന് പ്രതിഷേധത്തില്‍ പങ്കെടത്തവര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ സമരം ഇസ്രഈലിന് എതിരെയാണ്. എന്നാല്‍ ഇത് ജൂതവിരുദ്ധമോ സെമറ്റിക് വിരുദ്ധമോ അല്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വംശഹത്യ നടത്തുന്ന ഇസ്രഈലിനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ എതിര്‍ക്കുകയാണ് തങ്ങളെന്നും പ്രതിഷേധത്തില് പങ്കെടുത്തവര്‍ പ്രതികരിച്ചു.
മിലാനിലെ സംഘര്‍ഷത്തിന്റെയും പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി രംഗത്തെത്തി.
മിലാനില്‍ നടന്ന സംഭവം ലജ്ജാകരമെന്നാണ് മെലോണി പറഞ്ഞത്. അക്രമത്തിനും നാശത്തിനും ഐക്യദാര്‍ഢ്യവുമായി യാതൊരു ബന്ധവുമില്ല, ഗാസയിലെ ജനങ്ങളുടെ ജീവിതത്തില്‍ അവ ഒരു മാറ്റവും വരുത്തില്ലെന്നും മെലോണി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
സമീപകാലത്ത് ഗസയിലെ ഇസ്രഈലിന്റെ ആക്രമണത്തിന് എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ ശക്തമായ നിലപാടെടുക്കാനോ ഇസ്രഈലിനെ തള്ളിപ്പറയാനോ മെലോണി തയ്യാറായിട്ടില്ല. അയല്‍രാജ്യമായ ഫ്രാന്‍സ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചെങ്കിലും ഇസ്രഈല്‍ അനുകൂല നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് രാജ്യത്തെ അംഗീകരിക്കുന്നത് വിപരീതഫം ചെയ്യുമെന്ന് ജൂലൈയില്‍ ലാ റിപ്പബ്ലിക്കയെന്ന ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെലോണി പറഞ്ഞിരുന്നു.
Content Highlight: Blockade Israel; recognize Palestine; Trade unions and the public in Italy are protesting in the streets