| Thursday, 28th March 2019, 6:37 pm

ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ഏപ്രില്‍ ആറിന് കോണ്‍ഗ്രസില്‍ ചേരുമെന്ന് സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ബി.ജെ.പി വിമത എം.പി ശത്രുഘന്‍ സിന്‍ഹ. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം അടുത്ത മാസം നല്ലൊരു വാര്‍ത്ത താന്‍ പങ്കു വെക്കുമെന്ന് സിന്‍ഹ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

മാര്‍ച്ച് 28ന് സിന്‍ഹ കോണ്‍ഗ്രസിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിന്‍ഹ ഏപ്രില്‍ ആറിന് ബി.ജെ.പി വിടുമെന്ന് കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ് വ്യക്തമാക്കി.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.

ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ബി.ജെ.പി ഇവിടെ ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ പാട്‌ന സാഹിബില്‍ തന്നെ ആയിരിക്കുമോ മത്സരിക്കുക എന്ന ചോദ്യത്തിന്, സാഹചര്യം എന്തു തന്നെയായാലും മണ്ഡലം മാറില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി.

ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലൂടെയാണ് സിന്‍ഹ ബി.ജെ.പിയ്ക്ക് അനഭിമതനായത്.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അതേ നാണയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാമെന്ന് ശത്രുഘ്നന്‍ സിന്‍ഹ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസ് യുക്ത ഭാരതത്തിന് സമയമായി എന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന അഭ്യൂഹവും ശക്തമായത്. രണ്ടുദിവസത്തിനുള്ളില്‍ എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ബി.ജെ.പി നേതാക്കളെ വിളറി പിടിപ്പിച്ചെന്നും ശത്രുഘന്‍ സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more