ഈ വര്‍ഷം വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശരാക്കിയ ചിത്രങ്ങളിലൊന്നാണ് കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. ആമിര്‍ ഖാനടക്കം ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും കൂലിക്ക് തിളങ്ങാനായില്ല.
ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ റേബ മോണിക്ക ജോണും പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രുതി ഹാസന്റെ സഹോദരിയുടെ വേഷമായിരുന്നു റേബയുടേത്. എന്നാല്‍ കൂലിയുടെ കാര്യത്തില്‍ തനിക്ക് നിരാശയാണെന്ന് പറയുകയാണ് റേബ മോണിക്ക. തനിക്ക് ആ റോളില്‍ ഒന്നും ചെയ്യാനില്ലായിരുന്നെന്നും രജിനിയുടെ സ്‌ക്രീന്‍ പങ്കിട്ടത് മാത്രമാണ് ആകെയുണ്ടായ ഗുണമെന്നും റേബ പറഞ്ഞു.
ഇനിയും ഒരുപാട് ചെയ്യാനാകുമെന്ന് അറിയാമെന്നും എന്നാല്‍ പലപ്പോഴും നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂലിയുടെ കാര്യത്തില്‍ താന്‍ അസ്വസ്ഥയാണെന്നും റേബ പറയുന്നു. ആരാധകരുമായുള്ള ചാറ്റിനിടെയാണ് റേബ ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളിന് വിധേയമായിരിക്കുകയാണ് റേബ മോണിക്ക. കൂലിയുടെ റിലീസിന് മുമ്പ് താരം നല്‍കിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗം വെച്ചാണ് ട്രോള്‍. താന്‍ ലോകേഷിനോട് ചോദിച്ചുവാങ്ങിയ വേഷമാണ് കൂലിയിലേതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.
‘ആകാശ് വാണി എന്നൊരു സീരീസ് തെലുങ്കില്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ ഡി.ഓ.പി ശാന്തകുമാര്‍ സാര്‍ ലോകേഷിന്റെ സിനിമകളില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. അദ്ദേഹവുമായി ഞാന്‍ പരിചയത്തിലായി. പിന്നീട് ഒരിക്കല്‍ കോണ്‍ടാക്ട് ചെയ്തപ്പോള്‍ ലോകേഷിന്റെ പുതിയ പടത്തില്‍ വര്‍ക്ക് ചെയ്യുകയാണെന്ന് പറഞ്ഞു. ചെറിയ വേഷം വല്ലതുമുണ്ടെങ്കില്‍ എന്നെയും പരിഗണിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു.
പിന്നീട് കുറേ ദിവസം കഴിഞ്ഞാണ് ശാന്തകുമാര്‍ എന്നെ വിളിക്കുന്നത്. ‘കൂലിയില്‍ ഒരു റോളുണ്ട്. ലോകേഷ് സാര്‍ നിന്നെ വിളിക്കും’ എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ലോകേഷ് സാര്‍ എന്നെ കോണ്‍ടാക്ട് ചെയ്ത് കൂലിയിലെ റോളിനെപ്പറ്റി പറഞ്ഞുതന്നു. ചെറിയ വേഷമാണെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു.
‘ബിഗിലില്‍ ചെറിയ റോളാണെങ്കിലും വലിയ ഇംപാക്ടായിരുന്നു. ഇവിടെ അത് ഉണ്ടാകുമോ എന്നറിയില്ല’ എന്നായിരുന്നു ലോകേഷ് പറഞ്ഞത്. എനിക്ക് അത് വിഷയമേ അല്ലായിരുന്നു. അങ്ങനെ പോയി അഭിനയിച്ചു,’ റേബ മോണിക്ക പറയുന്നു.
ചോദിച്ചുവാങ്ങിയ വേഷം ചെറുതാണോ അല്ലയോ എന്ന് പറഞ്ഞ് വിഷമിക്കുന്നത് എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്. ‘ലോകേഷിനെ കുറ്റം പറയാന്‍ അവകാശമില്ല, ഇവര്‍ ചോദിച്ചിട്ടാണ് അവസരം നല്‍കിയത്’, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Reba Monica John express her disappointment for acted in Coolie and get trolled