ലാ ലിഗ അധികൃതര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി റിയല്‍ വല്ലാഡോലിഡ് സി.എഫിന്റെ ഉടമസ്ഥനും ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡോ നസാരിയോ. ടൂര്‍ണമെന്റിലെ മോശം റഫറിങ്ങിനെതിരെയാണ് താരത്തിന്റെ വിമര്‍ശനം.
ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റിയല്‍ വല്ലാഡോലിഡിന് സെവയ്യയോട് 3-0ന്റെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിന്നു. എന്നാല്‍ ഈ മത്സരത്തില്‍ റിയല്‍ വല്ലാഡോലിഡ് നേടിയ ഒരു ഗോള്‍ റഫറി അസാധുവാക്കിയതാണ് റൊണാള്‍ഡോയെ ചൊടുപ്പിച്ചത്.
ഒരുപാട് കാലം സഹിച്ച് മിണ്ടാതിരുന്നെന്നും ഇപ്പോള്‍ ക്ഷമ കെട്ടെന്നും താരം പ്രതികരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലാ ലിഗയെ മെന്‍ഷന്‍ ചെയ്ത് റൊണോയുടെ പ്രതിണം.
‘സോറില്ലയില്‍ ഇന്ന് സംഭവിച്ചത് അംഗീകരിക്കാനാകില്ല. ഇതുവരെ ഞങ്ങള്‍ അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ മിണ്ടാതിരിക്കുകയും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പരാതി നല്‍കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. പരസ്യമായി പ്രതികരണം ഞങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇനിയത് പറ്റില്ല.
ഇത് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ആണ്. ഞങ്ങള്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നു.
ഇത്തരത്തിലുള്ള പിഴവുകള്‍ ഒരു സീസണിനെ തന്നെ താളം തെറ്റിച്ചേക്കാം.
ഒരു കാര്യം വ്യക്തമാക്കട്ടെ, ഞങ്ങള്‍ എല്ലാത്തിനെതിരെയും പോരാടും, കാരണം ഞങ്ങള്‍ റിയല്‍ വല്ലാഡോളിഡാണ്. ഞങ്ങളുടെ നഗരവും ആരാധകരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളില്‍ നിന്ന് ഒന്നും എടുത്തുമാറ്റാന്‍ സാധിക്കില്ല,’ റൊണാള്‍ഡോ പറഞ്ഞു.
Content Highlight: Real Valladolid CF owner and Brazilian legend Ronaldo Nazario has slammed the La Liga