| Tuesday, 24th September 2019, 11:44 am

'കൊച്ചി മെട്രോയിലെ പാമ്പ്' എന്ന പേരില്‍ വ്യാജപ്രചാരണത്തിന് ഇരയായ എല്‍ദോയായി സുരാജ്; സംസാരശേഷി ഇല്ലാത്ത കഥാപാത്രങ്ങളായി സുരഭിയും സുരാജും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ യാത്ര തുടങ്ങി ഏറെ വൈകാതെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു വാര്‍ത്തയായിരുന്നു മദ്യപിച്ച് ഒരു വ്യക്തി മെട്രോയില്‍ കിടന്നുറങ്ങി എന്നത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടികുറിപ്പ്.

എന്നാല്‍ തൊട്ടുപിന്നാലെയാണ് ആ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. അങ്കമാലി കിടങ്ങൂരിലെ എല്‍ദോയെന്ന വ്യക്തിയുടെ ചിത്രമാണ് ”മെട്രോയിലെ പാമ്പ്” എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്.

ഏറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോയി മടങ്ങിവരവേയാണ് എല്‍ദോയും കുടുംബവും മെട്രോയില്‍ കയറിയത്. യാത്രയ്ക്കിടെ എല്‍ദോ ഉറങ്ങിപ്പോയി. ഇതിന്റെ ചിത്രങ്ങള്‍ മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഏറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന അനുജനെ ഓര്‍ത്തുള്ള വിഷമം കൊണ്ട് കിടന്നുപോയതായിരുന്നു എല്‍ദോ. എല്‍ദോയ്ക്ക് എതിരെ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.

സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരില്‍ സാമൂഹ്യ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊതു വിചാരണയുടെയും ഇരയാണ്എല്‍ദോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും എല്‍ദോയ്ക്ക് കഴിഞ്ഞിരുന്നില്ല. സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത വ്യക്തിയായിരുന്നു എല്‍ദോ.

ഇപ്പോഴിതാ എല്‍ദോയുടെ കഥ ഇപ്പോള്‍ സിനിമയാകുകയാണ്. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതിയിലൂടെയാണ് എല്‍ദോയുടെ കഥ സിനിമയാകുന്നത്.

സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായി ചിത്രത്തില്‍ എത്തുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമിയും വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു.

യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചിത്രത്തില്‍ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും.

പുതുമുഖം വിന്‍സിയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍ , ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ബിയാണ് ഛായാഗ്രഹണം.അജീഷ് പി.തോമസ്സ് കഥയുെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, അനൂപ് എന്നിവരാണ്.

Latest Stories

We use cookies to give you the best possible experience. Learn more