ലാ ലിഗയില്‍ റയല്‍ സോസിഡാഡിനോട് പരാജയപ്പെട്ട് ബാഴ്‌സലോണ. റയല്‍ സോസിഡാഡിന്റെ തട്ടകമായി റിയല്‍ അരീനയയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ പരാജയം.
ആക്രമണത്തിലെ കുന്തമുനയായ റഫീന്യയില്ലാതെയാണ് കറ്റാലന്‍മാര്‍ സോസിഡാഡിനെതിരെ കളത്തിലിറങ്ങിയത്. ഫെര്‍മിന്‍ ലോപസ്, ഫെറാന്‍ ടോറസ്, ലാമിന്‍ യമാല്‍ എന്നിവരെ മുന്നേറ്റത്തിന്റെ സാരഥ്യമേല്‍പ്പിച്ച് 4-3-3 എന്ന ശൈലിയിലാണ് ഹാന്‍സി ഫ്‌ളിക് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 4-4-2 എന്ന ഫോര്‍മേഷനാണ് സോസിഡാഡ് അവലംബിച്ചത്.
മത്സരത്തിന്റെ 32ാം മിനിട്ടില്‍ സോസിഡാഡ് ലീഡ് നേടി. 32ാം മിനിട്ടില്‍ ഗോണ്‍സാലോ ഗ്വെഡെസിന്റെ അസിസ്റ്റില്‍ മൈക്കല്‍ ഒയാര്‍സബാലാണ് ഗോള്‍ നേടിയത്. ഈ ഗോളിന് പിന്നാലെ 1-0 എന്ന നിലയില്‍ ആദ്യ പകുതി അവസാനിപ്പിക്കാനും ഹോം ടീമിന് സാധിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. 62ാം മിനിട്ടില്‍ ഫെറാന്‍ ടോറസിനെ പിന്‍വലിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ഇറക്കിയ ഫ്‌ളിക് മുന്നേറ്റത്തിന് കൂടുതല്‍ മൂര്‍ച്ച നല്‍കി. ആലഹാന്‍ഡ്രോ ബാല്‍ഡെയെ പിന്‍വലിച്ച് ജാവോ കാന്‍സെലോയെയും ഡാനി ഓല്‍മോയെ പിന്‍വലിച്ച് മാര്‍കസ് റാഷ്‌ഫോര്‍ഡിനെയും കറ്റാലന്‍മാര്‍ കളത്തിലിറക്കി.
70ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിലൂടെ ബ്ലൂഗ്രാന ഒപ്പമെത്തി. ലാമിന്‍ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിട്ടില്‍ തിരിച്ചടിച്ച സോസിഡാഡ് ബാഴ്‌സയുടെ ആഘോഷത്തിന് ആയുസ് നല്‍കിയില്ല.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് ബാഴ്‌സ പരാജയം സമ്മതിച്ചു.
തുടര്‍ച്ചയായ 12ാം വിജയം ലക്ഷ്യമിട്ടാണ് ബാഴ്‌സ സോസിഡാഡിന്റെ കളത്തിലിറങ്ങിയത്. തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച വിന്നിങ് സ്ട്രീക് തന്നെയായിരുന്നു ഹാന്‍സി ഫ്‌ളിക്കിന്റെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യം സോസിഡാഡില്‍ തട്ടി ഇല്ലാതാവുകയായിരുന്നു.
2014-2015 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്‌സ തുടര്‍ച്ചയായ 11 മത്സരങ്ങള്‍ വിജയിക്കുന്നത്.
(മാനേജര്‍ – സീസണ്‍ – വിജയം എന്നീ ക്രമത്തില്‍)
ഫ്രാങ്ക് റിജ്കാര്‍ഡ് – 2005-2006 – 18
ഫ്രാന്‍സ് പ്ലാറ്റ്‌കോ – 1955-1956 – 11
പെപ് ഗ്വാര്‍ഡിയോള – 2008-2009 – 11
ലൂയീസ് എന്‌റിക്വ് – 2014-2015 – 11
ഹാന്‍സി ഫ്‌ളിക് – 2025-2026 – 11*
അതേസമയം, പരാജയത്തിന് ശേഷവും ബാഴ്‌സലോണ ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 20 മത്സരത്തില്‍ 16 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 49 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. 48 പോയിന്റുമായി റയലാണ് രണ്ടാമത്.
ലാ ലിഗയില്‍ ജനുവരി 25നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഒവീഡോയാണ് എതിരാളികള്‍.
Content Highlight: Real Sociedad defeated Barcelona