ലാലിഗയില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എല്‍ക്കെയെയാണ് ടീം തകര്‍ത്തുവിട്ടത്.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം. ഇതോടെ ചിരവൈരികളായ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറക്കാന്‍ ടീമിന് സാധിച്ചു.
മത്സരത്തില്‍ റയലിനായി നാലാം ഗോള്‍ കണ്ടെത്തിയത് യുവതാരം ആര്‍ദ ഗൂളറായിരുന്നു. സ്വന്തം ഹാഫില്‍ നിന്നുള്ള ഒരു സ്റ്റണര്‍ ഗോളിലൂടെയാണ് താരം ടീമിന് നാലാം ഗോള്‍ സമ്മാനിച്ചത്. 89ാം മിനിട്ടിലായിരുന്നു താരത്തിന്റെ കാലില്‍ നിന്ന് പന്ത് വലയിലേക്ക് തുളച്ച് കയറിയത്.
എല്‍ക്കെ ഗോള്‍ കീപ്പര്‍, പോസ്റ്റിന് പുറത്താണെന്ന് കണ്ടപ്പോള്‍ സ്വന്തം ഹാഫില്‍ നിന്ന് ഗൂളര്‍ പന്ത് അടിക്കുകയായിരുന്നു. ഏവരെയും ഞെട്ടിച്ച് ഇത് വലയില്‍ കയറുകയും ചെയ്തു. 74 അടി അകലെ നിന്നായിരുന്നു ടര്‍ക്കിഷ് മിഡ്ഫീല്‍ഡറുടെ ഷോട്ട്.
ഇതോടെ ഗൂളര്‍ ഒരു ചരിത്ര നേട്ടവും കുറിച്ചു. ലാലിഗയില്‍ ഏറ്റവും ദൈര്‍ഘമേറിയ ഗോളിന്റെ ഒപ്പമെത്താനാണ് താരത്തിന് സാധിച്ചത്. 2004ല്‍ സി.ഡി നുമാന്‍സിയയുടെ താരമായ അന്റോണിയോ ജോസ് ഇതേ ദൂരത്തില്‍ തന്നെ ഗോളടിച്ചിരുന്നു. സെവിയ്യക്കെതിരെയായിരുന്നു താരത്തിന്റെ ഈ ഗോള്‍ നേട്ടം.
അതേസമയം, മത്സരത്തില്‍ റയലിനായി ആദ്യം ഗോള്‍ നേടിയത് അന്റോണിയോ റുഡിഗറാണ്. 39ാം മിനിട്ടിലാണ് താരം ടീമിനെ മുന്നിലെത്തിച്ചത്. ഏറെ വൈകാതെ 44ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ക്യാപ്റ്റന്‍ ഫെഡ്രികോ വാല്‍വെര്‍ദെയാണ് പന്ത് വലയിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റയല്‍ വീണ്ടും വല കുലുക്കി. ഡീന്‍ ഹുയിസെനാണ് ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍. 66ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.
കളി മികച്ച രീതിയില്‍ മുന്നേറവെ റയല്‍ മിഡ്ഫീല്‍ഡര്‍ മാനുവല്‍ ഏയ്ഞ്ചല്‍ കാലില്‍ നിന്ന് സ്വന്തം വലയിലേക്ക് പന്ത് കയറി. ഇതോടെ 85ാം മിനിട്ടില്‍ എല്‍ക്കെയ്ക്ക് ഒരു ആശ്വാസ ഗോള്‍ ലഭിച്ചു. ഇതിന് പിന്നാലെയാണ് ഗൂളറിന്റെ ഗോളെത്തിയത്.
Content Highlight: Real Mardid’s Arde Guler scorer a stunner goal from 74 yards against Elche in La Liga