| Wednesday, 7th June 2023, 3:01 pm

ബെന്‍സെമയുടെ ബൂട്ടണിയാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം റയല്‍ മാഡ്രിഡിലേക്ക്?

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബുണ്ടസ്‌ലിഗ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റെക്കോഡുകള്‍ വാരിക്കൂട്ടുന്ന ഹാലണ്ടിനെ നോട്ടമിട്ട് മുന്‍ നിര ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.

താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നതോടെ ഒത്ത പകരക്കാരനെ ക്ലബ്ബിലെത്തിക്കുകയാണ് ലോസ് ബ്ലാങ്കോസിന്റെ ലക്ഷ്യം.

കരിം ബെന്‍സെമയെ പോലൊരു സൂപ്പര്‍ സ്‌ട്രൈക്കരുടെ നിലവാരത്തിലുള്ള വളരെ ചുരുക്കം കളിക്കാരെ യൂറോപ്പിലുള്ളൂ എന്നിരിക്കെ ഹാലണ്ടാണ് പെര്‍ഫെക്ട് സബ്സ്റ്റിറ്റിയൂട്ട് എന്നാണ് റയലിന്റെ വിലയിരുത്തല്‍.

എന്നാല്‍ റയലിന്റെ നീക്കം മുന്നില്‍ കണ്ട മാഞ്ചസ്റ്റര്‍ സിറ്റി ഹാലണ്ടുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 51 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് സിറ്റി ഹാലണ്ടിന്റെ കരാര്‍ പുതുക്കുക.

ഈ സീസണില്‍ മാത്രം 52 ഗോളുകളാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി അടിച്ചുകൂട്ടിയിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഖ്യാതിയും ഹാലണ്ട് ഇതിനകം നേടിക്കഴിഞ്ഞു.

അതേസമയം, റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സെമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദുമായി സൈനിങ് നടത്തിയിരിക്കുകയാണ്. താരം അല്‍ ഇത്തിഹാദുമായി കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ക്ലബ്ബ് പുറത്തുവിട്ടിരുന്നു. അല്‍ ഇത്തിഹാദ് പ്രസിഡന്റ് അന്‍മര്‍ ബിന്‍ അബ്ദുല്ല അല്‍ഹൈലെ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ബെന്‍സിമ നല്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

‘വെല്‍ക്കം ബെന്‍സിമ, ഞങ്ങളുടെ പുതിയ താരത്തെ അവതരിപ്പിക്കുന്നു! ഈ രത്‌നം ഉടന്‍ പ്രകാശിച്ചു തുടങ്ങും,’ എന്നീ ക്യാപ്ഷനുകളോടെയാണ് ബെന്‍സിമയുടെ സൈനിങ് ചിത്രങ്ങള്‍ പങ്കുവെച്ച് അല്‍ ഇത്തിഹാദ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.

അല്‍-ഇത്തിഹാദ് ക്ലബ്ബിന് അതിശയകരമായ ചരിത്രമുണ്ടെന്നും മറ്റൊരു രാജ്യത്തെ ഫുട്‌ബോള്‍ ലീഗ് അനുഭവിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് സൈനിങ് ചടങ്ങില്‍ ബെന്‍സിമയും പറഞ്ഞു.

‘മറ്റൊരു രാജ്യത്ത് ഒരു പുതിയ ഫുട്‌ബോള്‍ ലീഗ് അനുഭവിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. അല്‍-ഇത്തിഹാദ് ക്ലബ്ബിന് അതിശയകരമായ ചരിത്രമുണ്ട്,’ ബെന്‍സെമ പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ജിദ്ദയില്‍ ഇത്തിഹാദ് ആരാധകര്‍ക്ക് മുന്നില്‍ ബെന്‍സെമ എത്തുമെന്നാണ് റപ്പോര്‍ട്ടുകള്‍.

Content Highlights: Real Madrid wants to sign with Erling Haaland

Latest Stories

We use cookies to give you the best possible experience. Learn more