കാലമെത്ര കഴിഞ്ഞാലും ആരാധകരുടെ പ്രിയപ്പെട്ട ഫുട്‌ബോളർമാരിൽ ഒരാളാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. തന്റെ പ്ലേമേക്കിങ് കൊണ്ടും ഗോളടി മികവ് കൊണ്ടും മൈതാനത്ത് മായാജാലം തീര്‍ക്കുന്നതിനാലാണ് താരത്തിന് എന്നും ആരാധകരുടെ ഇടനെഞ്ചില്‍ സ്ഥാനം ലഭിക്കുന്നത്. ഇതിനൊപ്പം താരത്തിന്റെ ഡ്രിബ്ലിങ് മികവും കാല്‍പന്ത് പ്രേമികള്‍ക്ക് വിരുന്നൊരുക്കാറുണ്ട്.
ഈ ഡ്രിബ്ലിങ് മികവ് തന്നെ പേടിപ്പെടുത്തിയിരുന്നുവെന്ന് ഒരിക്കല്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് ഒരിക്കല്‍ പറഞ്ഞിരുന്നു. മെസിയെ തനിക്ക് ഒരുപാട് തവണ നേരിടേണ്ടി വന്നില്ല എന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും താരം പറഞ്ഞു.
Photo: Intet Miami/x.com
ഒരിക്കല്‍ മെസിയെ നേരിട്ടപ്പോള്‍ തന്റെ സഹതാരമായ ഫാബിയോ കന്നവാരോയോട് ഭാവിയിലെ ഡിഫന്‍ഡര്‍മാരെ നേരിടുമെന്ന് താന്‍ ചോദിച്ചിരുന്നുവെന്നും മെസി ലോകത്തിലെ മികച്ച താരമാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ല്‍ 90 മിന്‍.കോമിനോട് സംസാരിക്കുകയായിരുന്നു കാര്‍ലോസ്.
റോബര്‍ട്ടോ കാര്‍ലോസ്. Photo: Google.com
‘ഒരു മത്സരത്തില്‍ മെസി തന്നെയും കന്നവാരോയെയും ഡ്രിബിള്‍ ചെയ്ത് മുന്നോട്ട് കുതിച്ചു. മത്സരശേഷം ഞാന്‍ കന്നവാരോയോട് ‘എന്റെ ദൈവമേ, ഇത് ഏത് കളിക്കാരനാണ്, ഇത് പുതിയ മറഡോണയാണ്’ എന്ന് പറഞ്ഞു. ഞാന്‍ ഭാഗ്യവാനാണ്, ഞാന്‍ വിരമിക്കലിന് അടുത്തായിരുന്നു. പുതിയ കാലത്തെ ഡിഫന്‍ഡര്‍മാര്‍ അവനെ എങ്ങനെ നേരിടുമായിരുന്നു? അവര്‍ തീര്‍ച്ചയായും അവനെതിരെ ബുദ്ധിമുട്ടും.
എനിക്ക് അന്നേ മെസി ലോകത്തിലെ മികച്ച ഫുട്‌ബോളറാകുമെന്ന് അറിയാമായിരുന്നു. ഭാവിയില്‍ അവന്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുമെന്നും ഞാന്‍ കരുതിയിരുന്നു. അവനെതിരെ കളിച്ചതിനേക്കാള്‍ അവന്റെ കളി ആസ്വദിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്,’ കാര്‍ലോസ് പറഞ്ഞു.
2006ല്‍ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന എല്‍ ക്ലാസിക്കോ മത്സരത്തിലും മെസിയും കാര്‍ലോസും നേരിട്ട് വന്നിരുന്നു. ഫാബിയോ കന്നവാരോയും ആ മത്സരത്തില്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം കാര്‍ലോസ് റയല്‍ മാഡ്രിഡ് വിട്ട് മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറിയിരുന്നു. ഈ കാലയളവിലെ മത്സരങ്ങള്‍ ഓര്‍ത്തെടുത്താന്‍ തരാം മെസിയെ കുറിച്ച് സംസാരിച്ചത്.
Content Highlight: Real Madrid legend Roberto Carlos once said he is lucky that didn’t have face Lionel Messi often