| Friday, 16th May 2025, 7:44 am

28ാം കിരീടമണിഞ്ഞിട്ടും റയല്‍ മാഡ്രിഡിനെ തോല്‍പ്പിക്കാനാകാതെ ബാഴ്‌സലോണ; മറികടക്കാന്‍ ഇനിയും പാടുപെടണം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ആര്‍.ഡി.സി.ഇ സ്‌റ്റേഡിയത്തില്‍ എസ്പാന്യോളിനെതിരെ നടന്ന മത്സരത്തിന് പിന്നാലെ ബാഴ്‌സലോണ ലാലിഗ കിരീടം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം.

ഇനിയും രണ്ട് മത്സരം ബാക്കി നില്‍ക്കവെയായിരുന്നു ടീമിന്റെ കിരീടധാരണം. ബ്ലൂഗ്രാനയുടെ ചരിത്രത്തിലെ 28ാം ലാലിഗ കിരീടമാണിത്.

ഈ വിജയത്തിന് പിന്നാലെ ബാഴ്സയ്ക്ക് 36 മത്സരത്തില്‍ നിന്നും 85 പോയിന്റായി. 27 വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയും അടക്കമാണ് ബാഴ്സ 85 പോയിന്റ് നേടിയത്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന് 36 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 78 പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ വിജയിച്ചാലും ലോസ് ബ്ലാങ്കോസിന് 84 പോയിന്റിലെത്താന്‍ മാത്രമേ സാധിക്കൂ. ഇതോടെയാണ് കറ്റാലന്‍ പട രണ്ട് മത്സരം ബാക്കി നില്‍ക്കെ ചാമ്പ്യന്‍മാരായത്.

തങ്ങളുടെ ചരിത്രത്തിലെ 28ാം കിരീടം സ്വന്തമാക്കിയിട്ടും ലാലിഗ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ ടീം എന്ന നേട്ടത്തിലേക്ക് ബാഴ്‌സയ്ക്ക് ഇനിയും എത്താന്‍ സാധിച്ചിട്ടില്ല. കറ്റാലന്‍മാരുടെ ചിരവൈരികളായ റയല്‍ മാഡ്രിഡാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

ഇതുവരെ 36 തവണയാണ് ലോസ് ബ്ലാങ്കോസ് ലാലിഗ കിരീടം സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിച്ചത്. 1931-32 സീസണില്‍ ആദ്യ കിരീടം നേടിയ വെള്ളക്കുപ്പായക്കാര്‍ കഴിഞ്ഞ സീസണിലാണ് തങ്ങളുടെ അവസാന കിരീടം നേടിയത്. 26 തവണ ടീം രണ്ടാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

ഏറ്റവുമധികം ലാലിഗ കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം

(ടീം – കിരീടനേട്ടം – രണ്ടാം സ്ഥാനം എന്നീ ക്രമത്തില്‍)

റയല്‍ മാഡ്രിഡ് – 36 – 26

ബാഴ്‌സലോണ – 28 – 28

അത്‌ലറ്റിക്കോ മാഡ്രിഡ് – 11 – 10

അത്‌ലറ്റിക്കോ ബില്‍ബാവോ – 8 – 7

വലന്‍സിയ – 6 – 6

റയല്‍ സോസിഡാഡ് – 2 – 3

ഡിപ്പോര്‍ട്ടീവോ ലാ കൊരുണ – 1 – 5

സെവിയ്യ – 1 – 4

റയല്‍ ബെറ്റിസ് – 1 – 0

റേസിങ് ഡി സാന്റാന്‍ഡര്‍ – 0 – 1

ലാസ് പാല്‍മസ് – 0 – 1

സറാഗോസ – 0 – 1

സ്‌പോര്‍ട്ടിങ് ഗിജോണ്‍ – 0 – 1

വിയ്യാറയല്‍ – 0 – 1…….

അതേസമയം, എസ്പാന്യോളിനെതിരെ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ബാഴ്‌സ വിജയം പിടിച്ചടക്കിയത്. ലെവന്‍ഡോസ്‌കിയെ ആക്രമണത്തിന്റെ നെടുനായകത്വമേല്‍പ്പിച്ച് 4-2-3-1 ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്ളിക്ക് ‘കിരീടപ്പോരില്‍’ തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. സമാന ഫോര്‍മേഷനാണ് എസ്പാന്യോള്‍ പരിശീലകന്‍ മനോലോ ഗോള്‍സാലെസും അവലംബിച്ചത്.

എതിരാളികളുടെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ബാഴ്സയ്ക്ക് സാധിച്ചില്ല. ഗോള്‍രഹിതമായി തുടര്‍ന്ന ആദ്യ പകുതിക്ക് ശേഷം 53ാം മിനിട്ടില്‍ ലാമിന്‍ യമാലിലൂടെ ബാഴ്സ ലീഡ് നേടി.

ലാ റോജയുടെ കൗമാര താരത്തിന്റെ ഇടംകാല്‍ ഷോട്ട് എസ്പാന്യോള്‍ ഗോള്‍ വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകര്‍ വിജയം ആഘോഷിക്കാന്‍ കാത്തുനിന്നു.

ആഡ് ഓണ്‍ ടൈമിന്റെ അഞ്ചാം മിനിട്ടില്‍ ഫെര്‍മിന്‍ ലോപസും ഗോള്‍ കണ്ടെത്തിയതോടെ ഒരു തിരിച്ചുവരവിന് സാധ്യമല്ലാതെ എസ്പാന്യോള്‍ പരാജയം സമ്മതിച്ചു.

മത്സരത്തിന്റെ 75 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ബാഴ്സയായിരുന്നു. കറ്റാലന്‍മാര്‍ 12 ഷോട്ടുകളുതിര്‍ത്തപ്പോള്‍ നാലെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗെറ്റിലെത്തിയത്. എസ്പാന്യോള്‍ ഒമ്പത് ഷോട്ടുകളും ഒരു ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടും അടിച്ചു.

മത്സരത്തില്‍ ബാഴ്സ 89 ശതമാനം ആക്യുറസിയോടെ 740 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 234 പാസുകള്‍ മാത്രമാണ് എസ്പാന്യോളിനുണ്ടായിരുന്നത്.

നേരത്തെ കോപ്പ ഡെല്‍ റേ കിരീടവും നേടിയ ബാഴ്സ ഇപ്പോള്‍ മറ്റൊരു കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷം ബാഴ്സ ആരാധകര്‍ ട്രെബിള്‍ സ്വപ്നം കണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനോട് ഒറ്റ ഗോളിന് (അഗ്രഗേറ്റ് 7-6) പരാജയപ്പെട്ട് ബ്ലൂഗ്രാന തങ്ങളുടെ യു.സി.എല്‍ മോഹങ്ങള്‍ അടിയറവ് വെക്കുകയായിരുന്നു.

Content Highlight: Real Madrid is the team with the most La Liga titles, Barcelona is second

We use cookies to give you the best possible experience. Learn more