യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ ദിവസം റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം.
ഇതോടെ 3-1 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ വിജയവും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇതിന്റെ ബലത്തില്‍ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്തു. ഇതോടെ ഒരു ചരിത്രവും റയല്‍ കുറിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ തുടക്കമായ കാലം തൊട്ട് ഈ ഘട്ടത്തിന് യോഗ്യത നേടുന്ന ഏക ടീം എന്ന നേട്ടമാണ് റയല്‍ സ്വന്തമാക്കിയത്. 2003 – 2004 സീസണിലാണ് ലീഗില്‍ ആദ്യമായി റൗണ്ട് ഓഫ് സിക്സ്റ്റീന്‍ നടപ്പിലാക്കുന്നത്.
അതിന് ശേഷം 23 സീസണുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ നടന്നത്. ഇതിനെല്ലാം ലോസ് ബ്ലാങ്കോസ് ആദ്യ 16 ടീമുകളില്‍ ഇടം പിടിച്ചു. ടീമിന്റെ ചിരവൈരികളായ ബാഴ്സലോണയ്ക്ക് പോലും നേടാന്‍ സാധിക്കാത്ത നേട്ടമാണ് ഇപ്പോള്‍ റയല്‍ സ്വന്തമാക്കിയത്.
മത്സരത്തിനിടെ റയൽ മാഡ്രിഡ് താരങ്ങൾ . Photo: Espn/x.com
23 സീസണുകളില്‍ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ എത്തുക എന്നത് മാത്രമല്ല, അതിന് ശേഷം ആറ് തവണ റയല്‍ ചാമ്പ്യന്മാരാവുകയും ചെയ്തു. റൗണ്ട് ഓഫ് സിക്സ്റ്റീന്‍ ആരംഭിച്ചതിന് ശേഷം 2013 – 2014 സീസണിലാണ് കിരീടം നേടിയത്. പിന്നീട് 2015 – 2016ലും വെള്ള കുപ്പായക്കാര്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. അതിന് ശേഷം തുടര്‍ച്ചയായ രണ്ട് സീസണില്‍ റയല്‍ കിരീടം നേട്ടം ആവര്‍ത്തിച്ചു.
അടുത്ത സീസണുകളിലെല്ലാം ലീഗിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീനിലേക്ക് മുന്നേറിയെങ്കിലും ചാമ്പ്യന്മാരാവാന്‍ റയലിന് മൂന്ന് സീസണുകള്‍ കാത്തിരിക്കേണ്ടി വന്നു. പിന്നീട് രണ്ട് തവണ കിരീടം ഉയര്‍ത്തിയത് 2021 – 2022, 2023 – 2024 സീസണുകളിലാണ്. അതോടെ ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ കിരീടനേട്ടം 15 ആക്കി ഉയര്‍ത്തി.
ഇപ്പോള്‍ മറ്റൊരു സീസണിലും കൂടി റൗണ്ട് ഓഫ് സിക്സ്റ്റീനിന് റയല്‍ യോഗ്യത നേടിയത്. തങ്ങളുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലേക്ക് മറ്റൊരു കിരീടവും എത്തിക്കുക എന്നത് തന്നെയാവും സ്പാനിഷ് വമ്പന്മാരുടെ ലക്ഷ്യം.
റയൽ മാഡ്രിഡ് താരങ്ങൾ വിജയാഘോഷത്തിൽ .Photo: Real Madrid C.F./x.com
അതേസമയം, ഈ സീസണില്‍ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോ മറ്റൊരു പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിങ് ലിസ്ബണോ ആകും റയലിന്റെ എതിരാളികളായി എത്തുക. ഫെബ്രുവരി 27ന് നടക്കുന്ന ഡ്രോയിലൂടെയായിരിക്കും എതിരാളികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.
രണ്ട് പാദങ്ങളടങ്ങിയ മത്സരങ്ങള്‍ തന്നെയാണ് റൗണ്ട് ഓഫ് സിക്സറ്റീനിലും ഉണ്ടാവുക. മാര്‍ച്ച് 10, 11 തീയ്യതികളില്‍ ആദ്യ പാദവും 17, 18 തീയ്യതികളില്‍ രണ്ടാം പാദവും നടക്കും.
Content Highlight: Real Madrid have reached in round of 16 in each and every 23 season after it introduced to UEFA Champion League