| Thursday, 12th March 2026, 10:30 pm

വല കാക്കാൻ മാത്രമല്ല, ഗോളടിപ്പിക്കാനും അറിയാം; ചരിത്രം കുറിച്ച് റയല്‍ ഗോളി

ഫസീഹ പി.സി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് (യു.എസ്.എല്‍) ഒന്നാം പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് ഇംഗ്ലീഷ് ക്ലബ്ബിനെ തകര്‍ത്തെറിഞ്ഞത്.

റയലിന്റെ കപ്പിത്താന്‍ ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക്കാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് വിജയമൊരുക്കിയത്. ടീമിന് വിജയം സമ്മാനിച്ച താരത്തിന്റെ മൂന്ന് ഗോളുകളും പിറന്നത് മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു.

സിറ്റിക്കെതിരെ 20ാം മിനിട്ടിലായിരുന്നു മത്സരത്തില്‍ റയലിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇതിനായി വാല്‍വെര്‍ദെയ്ക്ക് അസിസ്റ്റ് നല്‍കിയത് റയല്‍ ഗോള്‍ കീപ്പര്‍ തിബൗട്ട് കോര്‍ട്വായായിരുന്നു. താരം നല്‍കിയ ലോങ്ങ് പാസ് സ്വീകരിച്ചായിരുന്നു ക്യാപ്റ്റന്‍ ഗോള്‍ അടിച്ചത്.

തിബൗട്ട് കോര്‍ട്വാ. Photo: Managing Madrid

അസിസ്റ്റ് നല്‍കിയതോടെ കോര്‍ട്വാ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളുള്ള ഗോള്‍ കീപ്പര്‍ എന്ന നേട്ടമാണ് തന്റെ പേരില്‍ കുറിച്ചത്. മൂന്ന് അസിസ്റ്റുകളുമായാണ് താരം ഒന്നാമതായത്. മുന്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഹോസെ ഫ്രാന്‍സിസ്‌കോ മോളീനയെ മറികടന്നാണ് താരത്തിന്റെ നേട്ടം.

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളുള്ള ഗോള്‍ കീപ്പര്‍, എണ്ണം

തിബൗട്ട് കോര്‍ട്വാ – 3

ഹോസെ ഫ്രാന്‍സിസ്‌കോ മോളീന – 2

ഒലിവര്‍ കാന്‍ – 2

അതേസമയം, മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഇരുടീമുകളും മുന്നേറ്റങ്ങളുമായി കുതിച്ചു. ഇരു ടീമിന്റെയും താരങ്ങളും പലപ്പോഴായി ഷോട്ടടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ 20-ാം മിനിട്ടില്‍ വാല്‍വെര്‍ദെയിലൂടെ റയല്‍ മുമ്പിലെത്തി.

വിജയാഘോഷം നടത്തുന്ന ക്യാപ്റ്റൻ ഫെഡ്രികോ വാൽവെർദെയും റയൽ മാഡ്രിഡ് താരങ്ങളും. Photo: Real Madrid C.F/x.com

ആദ്യ ഗോള്‍ പിറന്ന് ഏഴാം മിനിട്ടില്‍ വാല്‍വെര്‍ദെ തന്റെ രണ്ടാം ഗോള്‍ അടിച്ചു. ഈ ഗോളിന് വിനീഷ്യസ് ജൂനിയറാണ് വഴിയൊരുക്കിയത്. 43-ാം മിനിട്ടില്‍ വാല്‍വെര്‍ദെ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി .

തുടര്‍ന്നും ഇരുവരും അക്രമഴിച്ചുവിട്ടെങ്കിലും മറ്റൊരു ഗോള്‍ പിറന്നില്ല. അതോടെ ടീം എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു.

മാര്‍ച്ച് 18നാണ് രണ്ടാം പാദ മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Real Madrid goal Keeper Tribaut Courtois became goal keeper with most UEFA Champions League Assist

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more