| Saturday, 5th September 2026, 8:00 am

അടുത്ത മത്സരത്തിന് സൂപ്പര്‍താരമില്ല; ആദ്യ തോല്‍വിക്കൊപ്പം റയലിന് കനത്ത തിരിച്ചടി

സുദേവ് എ

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ തോല്‍വി. റയല്‍ ബെറ്റിസ് എതിരില്ലാത്ത ഒരു ഗോളിനാണ് ലോസ് ബ്ലാങ്കോസിനെ വീഴ്ത്തിയത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 81ാം മിനിട്ടിലായിരുന്നു റയല്‍ ബെറ്റിസിന്റെ ഗോള്‍ പിറന്നത്. ട്രോയ് പരോട്ടാണ് റയലിന്റെ വലയില്‍ പന്തെത്തിച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പാഴാക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ റയല്‍ സീസണിലെ ആദ്യ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

തോല്‍വിക്കൊപ്പം മറ്റൊരു കനത്ത തിരിച്ചടിയാണ് റയല്‍ മത്സരത്തില്‍ നേരിട്ടത്. ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന് യെല്ലോ കാര്‍ഡ് ലഭിച്ചതാണ് റയലിന് വെല്ലുവിളിയായിരിക്കുന്നത്. മത്സരശേഷം റഫറിയുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് വിനീഷ്യസിന് യെല്ലോ കാര്‍ഡ് ലഭിച്ചത്. ഇതോടെ താരത്തിന് സെവിയ്യക്കെതിരെയുള്ള അടുത്ത മത്സരം നഷ്ടമാവും.

മത്സരത്തില്‍ എതിരാളികള്‍ക്ക് മുകളില്‍ വലിയ ആധിപത്യം പുലര്‍ത്താന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ആ പ്രകടനം റയലിന് സ്‌കോര്‍ ലൈനില്‍ തെളിയിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

55 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ റയല്‍ 18 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ എട്ട് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകളില്‍ നിന്നും ഏഴ് ഷോട്ടുകളാണ് റയല്‍ ബെറ്റിസിന് സന്ദര്‍ശകരുടെ പോസ്റ്റിലെത്തിക്കാന്‍ സാധിച്ചത്.

നിലവില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റുമായി ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Content Highlight: Real Madrid face first defeat this season in La liga

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more