| Sunday, 5th October 2025, 7:23 am

ഇരട്ട ഗോളില്‍ തിളങ്ങി വിന്നി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വിയ്യാറയലിനെതിരെ തകര്‍പ്പന്‍ വിജയം. ഇന്ന് പുലര്‍ച്ചെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ടീമിന്റെ വിജയം. വിജയത്തോടെ പോയിന്റ് ടേബിളില്‍ സ്പാനിഷ് ക്ലബ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

വിനിഷ്യസ് ജൂനിയറിന്റെ ഇരട്ട മികവിലാണ് റയല്‍ വിജയം സ്വന്തമാക്കിയത്. 47, 69 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍. പെനാൽറ്റിയിലൂടെയായിരുന്നു വിന്നി തന്റെ രണ്ടാം ഗോൾ നേടിയത്.

കിലിയന്‍ എംബാപ്പെയാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ടീമിന്റെ മൂന്നാം ഗോള്‍ കണ്ടെത്തിയത്. 81ാം മിനിട്ടിലായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോൾ നേട്ടം. ബ്രഹിം ഡയസിന്റെ വകയായിരുന്നു ഈ ഗോളിനായുള്ള അസിസ്റ്റ്.

മറുവശത്തത് വിയ്യാറയലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത് ജോര്‍ജ്‌സ് മിക്കൗട്ടാഡ്‌സെയാണ്. 73ാം മിനിറ്റിലായിരുന്നു താരത്തിന്റെ കാലില്‍ നിന്ന് ഒരു പന്ത് റയല്‍ വല തുളച്ച് കയറിയത്.

ഗോള്‍ നേടി മിനിട്ടുകള്‍ക്കകം തന്നെ മറ്റൊരു വിയ്യാറയല്‍ ഒരു തിരിച്ചടി നേരിട്ടു. സാന്റിയാഗോ മൗറീഞ്ഞോ വിന്നിയെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് കണ്ടു മടങ്ങി. അതോടെ ടീം പത്ത് പേരായി ചുരുങ്ങി.

സാന്റിയാഗോ ബെര്‍ണബ്യൂവിലെ മത്സരത്തില്‍ ഹോം ടീമിന്റെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 26 ഷോട്ടുകളാണ് റയല്‍ താരങ്ങള്‍ എതിര്‍ പോസ്റ്റിലേക്ക് അടിച്ചത്.

അതില്‍ ഏഴെണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു. 70 ശതമാനം പന്തടക്കം കൈവശം വെച്ച ലോസ്റ്റ് ബ്ലാങ്കോസ് 711 പാസുകളാണ് മത്സരത്തില്‍ നടത്തിയത്.

അതേസമയം, വെറും ഒമ്പത് തവണ മാത്രമാണ് വിയ്യാ റയലിന് വെള്ള കുപ്പായക്കാരുടെ പോസ്റ്റിനെ ലക്ഷ്യമിട്ട് പന്ത് അടിക്കാന്‍ സാധിച്ചത്. അതില്‍ രണ്ടെണ്ണം മാത്രമായിരുന്നു ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റ്.

Content Highlight: Real Madrid defeated Villarreal in La Liga and returns to the top of point table

We use cookies to give you the best possible experience. Learn more