| Wednesday, 17th September 2025, 7:14 am

ഡബിളുമായി എംബാപ്പെ; പത്ത് പേരായി ചുരുങ്ങിയിട്ടും മാഴ്‌സെ കടന്ന് റയല്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയവുമായി റയല്‍ മാഡ്രിഡ്. മാഴ്‌സെക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം. ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമാണ് ടീം തിരിച്ച് വരവ് നടത്തിയത്. പത്ത് പേരുമായി ചുരുങ്ങിയ ടീമാണ് പിന്നീട് മികച്ച പ്രകടനം നടത്തി മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ റയല്‍ ആക്രമണവുമായി മുന്നേറി. പിന്നാലെ മാഴ്‌സെയുടെ താരങ്ങളും മുന്നേറ്റവുമായെത്തി. ഏറെ വൈകാതെ മാഴ്‌സെ ലീഡ് നേടുകയും ചെയ്തു. 22ാം മിനിട്ടില്‍ റയലിനെ ഞെട്ടിച്ച് തിമോത്തി വീയാണ് ഫ്രഞ്ച് ടീമിനെ മുന്നിലെത്തിച്ചത്.

മാഴ്‌സെ ലീഡ് നേടിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. 28ാം മിനിട്ടില്‍ റോഡ്രിഗോയെ മാഴ്‌സെ താരം ചലഞ്ച് ചെയ്തതിന് വെള്ള കുപ്പായക്കാര്‍ക്ക് പെനാല്‍റ്റി ലഭിച്ചു. ഷോട്ടെടുത്ത കിലിയന്‍ എംബാപ്പെ പിഴവൊന്നും കൂടാതെ വലയിലെത്തിച്ചു. അതോടെ റയലിന്റെ സമനില ഗോളെത്തി.

പിന്നെയും ഇരുടീമുകളും ആക്രമണവുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡ് മാറ്റമില്ലാതെ തുടര്‍ന്നു. ഇരുവരും ഓരോ ഗോള്‍ നേടി ഒന്നാം പകുതി പിരിഞ്ഞു. രണ്ടാം പകുതിയും എംബാപ്പയുടെ മുന്നേറ്റത്തോടെ തന്നെയാണ് തുടക്കമായത്. താരത്തിനൊപ്പം മറ്റുള്ളവരും ചേര്‍ന്നതോടെ മത്സരം കുറച്ച് കൂടി ആവേശമായി.

എന്നാല്‍, 71ാം മിനിട്ടില്‍ റയല്‍ ആരാധകരെ നിശബ്ദരാക്കി ഡാനി കാര്‍വഹാല്‍ ചുവപ്പ് കണ്ട് മടങ്ങി. മാഴ്‌സെ ഗോളിയെ ചലഞ്ച് ചെയ്തതിനായിരുന്നു താരത്തിന് റെഡ് കാര്‍ഡ്. പത്ത് പേരായി ചുരുങ്ങിയെങ്കിലും സാബി അലന്‍സോയുടെ സംഘം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

പത്ത് പേരായി ചുരുങ്ങി പത്ത് മിനിട്ടിനകം തന്നെ ലോസ് ബ്ലാങ്കോസ് മത്സരത്തില്‍ മുന്നിലെത്തി. ടീമിന്റെ രണ്ടാം ഗോളും പെനാല്‍റ്റിലൂടെ തന്നെയായിരുന്നു. എംബാപ്പെയായിരുന്നു ടീമിനായി വിജയഗോള്‍ നേടിയത്. ഏറെ വൈകാതെ ഫൈനല്‍ വിസില്‍ എത്തിയതോടെ റയല്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ മൂന്ന് പോയിന്റും സ്വന്തമാക്കി.

Content Highlight: Real Madrid beat Marseille in UEFA Champions League after restricted to 10 men

We use cookies to give you the best possible experience. Learn more