ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് ആദ്യ തോല്‍വി സമ്മാനിച്ചുകൊണ്ടാണ് റയല്‍ ബെറ്റിസ് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. സെവിയ്യയിലെ എസ്റ്റാഡിയോ ഡി ലാ കാര്‍ട്ടുജ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെറ്റിസിന്റെ വിജയം
ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കവെ ട്രോയ് പാരോട്ട് നേടിയ ഗോളിലൂടെയാണ് ബെറ്റിസ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ റയല്‍ മാഡ്രിഡിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബെറ്റിസ്. തങ്ങള്‍ക്കറിയാവുന്ന ഒരേയൊരു റയല്‍, റയല്‍ ബെറ്റിസാണെന്നായിരുന്നു തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ബെറ്റിസ് പങ്കുവെച്ചത്.
ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, മത്സരത്തിന്റെ തുടക്കം മുതല്‍ 70 ശതമാനത്തോളം പന്ത് കൈവശം വച്ച് റയല്‍ മാഡ്രിഡ് ആധിപത്യം പുലര്‍ത്തിയെങ്കിലും, ആദ്യ പകുതിയില്‍ ഗോളുകളൊന്നും കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ ട്രോയ് പാരോട്ട് 81ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് റയല്‍ ബെറ്റിസ് നിര്‍ണായകമായ ലീഡ് നേടിയത്.
തൊട്ടുപിന്നാലെ 88ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിന്റെ കാര്‍ലോസ് എസ്പി പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ (90+3′) റയല്‍ മാഡ്രിഡിന് സമനില പിടിക്കാനുള്ള പെനാല്‍റ്റി അവസരം ലഭിച്ചെങ്കിലും കിലിയന്‍ എംബാപ്പെയുടെ കിക്ക് ബെറ്റിസ് ഗോള്‍കീപ്പര്‍ ആല്‍വാരോ വാലെസ് തടഞ്ഞിട്ടതോടെ റയല്‍ മാഡ്രിഡിന്റെ പതനം പൂര്‍ത്തിയായി.
അതേസമയം, ഈ പരാജയത്തിന ശേഷവും ലീ ലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയ്ക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. നാല് മത്സരത്തില്‍ നിന്നും ഒമ്പത് പോയിന്റോടെ റയല്‍ ബെറ്റിസ് മൂന്നാം സ്ഥാനത്തേക്ക് കയറി.
യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് റയല്‍ തങ്ങളുടെ അടുത്ത മത്സരം കളിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മിലാനാണ് എതിരാളികള്‍. ശേഷം 13ന് ലാ ലിഗയില്‍ റയോ വല്ലെകാനോയെയും റയല്‍ മാഡ്രിഡ് നേരിടും.
ചാമ്പ്യന്‍സ് ലീഗിലാണ് റയല്‍ ബെറ്റിസിനും അടുത്ത മത്സരമുള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന പോരാട്ടത്തില്‍ ഫ്രഞ്ച് ടീമായ ലില്ലെയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 15നാണ് ബെറ്റിസ് ലാ ലിഗയില്‍ അടുത്ത മത്സരം കളിക്കുക. വിയ്യാറയലാണ് എതിരാളികള്‍.
Content Highlight: Real Betis trolls Real Madrid