| Sunday, 5th October 2025, 2:07 pm

ജയിലില്‍ കഴിയാന്‍ തയ്യാര്‍; ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: സോനം വാങ്ചുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിനിടെ 4 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജയിലില്‍ കഴിയാന്‍ തയ്യാറാണെന്ന് വാങ്ചുക്ക് പറഞ്ഞു. ലഡാക്കിലെ ലേയിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ജോധ്പുരിലെ ജയിലില്‍ കഴിയുകയാണ് സോനം വാങ്ചുക്ക്.

‘നമ്മുടെ നാല് പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണം. അതുചെയ്യാനായില്ലെങ്കില്‍ ജയിലില്‍ എത്രനാളും കിടക്കാന്‍ തയ്യാറാണ്’, വാങ്ചുക്ക് പറഞ്ഞു.  ലഡാക്കില്‍ സമാധാനം നിലനിര്‍ത്തിക്കൊണ്ട് ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിഷേധം തുടരണമെന്നും സോനം വാങ്ചുക്ക് ജയിലില്‍ നിന്നും അയച്ച സന്ദേശത്തില്‍ പറയുന്നു.

ലേ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സോനം സഹോദരന്‍ മുഖേനെ പങ്കുവെച്ച സന്ദേശത്തിലൂടെ അറിയിച്ചു. പരിക്കേറ്റവരുടെയും അറസ്റ്റിലായവരുടെയും കൂടെ തന്റെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകുമെന്നും വാങ്ചുക്ക് പറഞ്ഞു.

ലഡാക്കിന്റെ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിനുമൊപ്പം നില്‍ക്കുന്ന ജനങ്ങള്‍ക്കും ലഡാക്ക് സര്‍ക്കാരിനും കാര്‍ഗില്‍ ഡെമോക്രാറ്റിക് സഖ്യത്തിനും വാങ്ചുക്ക് തന്റെ പിന്തുണ അറിയിച്ചു. വാങ്ചുക്കിന്റെ സഹോദരന്‍ കാ സേതന്‍ ദൊര്‍ജെയ് ലേയും അഭിഭാഷകന്‍ മുസ്തഫ ഹാജിയും ശനിയാഴ്ച അദ്ദേഹത്തെ ജോധ്പുരിലെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് ലേയില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു പൊലീസ് ഇടപെടലില്‍ പ്രതിഷേധം അക്രമാസക്തമായത്.

നാല് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ 90ഓളം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയുടെ പ്രാദേശിക ഓഫീസും സി.ആര്‍.പി.എഫിന്റെ വാഹനവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് ലഡാക്ക് സംഘര്‍ഷത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സോനം വാങ്ചുക്കിനെ സെപ്റ്റംബര്‍ 26ന് ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ എന്‍.ജി.ഒയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാങ്ചുക്കിന്റെ കസ്റ്റഡിയെ ചോദ്യം ചെയ്തും അദ്ദേഹത്തെ അടിയന്തിരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ പങ്കാളി ഗീതാഞ്ജലി ജെ. അന്‍ങ്‌മോ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച സുപ്രീംകോടതി ഗീതാഞ്ജലിയുടെ ഹരജി പരിഗണിക്കും.

Content Highlight: Ready to stay in jail; Need judicial inquiry into Ladakh conflict: Sonam Wangchuk

We use cookies to give you the best possible experience. Learn more