| Wednesday, 10th December 2025, 4:00 pm

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും; തുറന്ന സംവാദത്തിന് തയ്യാര്‍: മുഖ്യമന്ത്രിയോട് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി നല്‍കുമെന്നും തുറന്ന സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംവാദത്തിനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും ദ്വാരപാലക ശില്‍പങ്ങളും തുടങ്ങിയ അമൂല്യ വസ്തുക്കള്‍ മോഷ്ടിച്ച രണ്ട് സഖാക്കള്‍ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുകയാണ്.

ജയിലിലെ മോഷ്ടാക്കളെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും തൊലിക്കട്ടി അപാരമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസില്‍ പാര്‍ട്ടി സ്വീകരിച്ചത് അഭിമാനകരമായ നിലപാടാണ്. രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിക്കാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

ലൈഫ് മിഷന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖം, കിഫ്ബി, തുരങ്കപാത, തീരദേശ ഹൈവേ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പ് ചോദ്യം ചെയ്താണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ?

എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ? എന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചിരുന്നു.

Content Highlight: Will answer questions; ready for open debate: V.D. Satheesan to Chief Minister

We use cookies to give you the best possible experience. Learn more