ഏറെ ആവേശത്തോടെ മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന് ആഘോഷമാക്കിയ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ആട് 3. മലയാളത്തിലെ ജനപ്രിയ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗമായെത്തിയ ചിത്രം നൂറ് കോടിയെന്ന മലയാളത്തിലെ അപൂര്‍വനേട്ടം സ്വന്തമാക്കിയ ശേഷമായിരുന്നു തിയേറ്റര്‍ വിട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ച്ച ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.
തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയ ചിത്രത്തിന് എന്നാല്‍ ഒ.ടി.ടിയില്‍ റിലീസായതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം എങ്ങനെ നൂറുകോടി നേടി എന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പല ടൈം ലൈനുകളിലായി കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ പകുതിയെക്കാള്‍ അവസാന പകുതിയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതെന്നും ഭൂരിഭാഗം സമയം ബില്‍ഡപ്പിന് വേണ്ടി ഉപയോഗിച്ചതിനാല്‍ പല സീനുകളും അരോചകരമായി തോന്നിയെന്നും പലരും അഭിപ്രായപ്പെടുന്നു. എങ്കിലും പലയിടങ്ങളിലും പ്രേക്ഷകന് പൈസ വസൂലാകുന്ന നിമിഷങ്ങളും സംവിധായകന്‍ നല്‍കിയിരുന്നു.
ഷാജിപാപ്പന്‍. Photo: Aadu 3/ Zee5
ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍. ഫ്രാഞ്ചൈസിലെ ഏറ്റവും ഫാന്‍ ഫോളോവേഴ്‌സുളളതും സ്‌റ്റൈലിഷായതുമായ കഥാപാത്രത്തിന് വളരെ ലോ ലെവലിലുള്ള ഇന്‍ട്രോയായിരുന്നു ആദ്യ പകുതിയില്‍ സംവിധായകന്‍ നല്‍കിയിരുന്നത്. ആട് 2വിലേത് പോലെ ദുഷ്ടനായ മുതലാളിക്ക് കീഴില്‍ അടിമപ്പണി ചെയ്യുന്നയാളായാണ് ഡ്യൂഡ് പ്രത്യക്ഷപ്പെടുന്നത്. ആട് ജീവിതത്തെ അനുസ്മരിപ്പിക്കും വിധം കഴുത ജീവതമാണ് ഡ്യൂഡ് നയിക്കുന്നതെന്ന് കാണാം.
എന്നാല്‍ സ്റ്റാര്‍ ഡസ്റ്റ് എന്ന അപൂര്‍വ്വ നിധിയെകുറിച്ച് അറിഞ്ഞതിന് പിന്നാലെ പഴയ പ്രതാപത്തിലേക്ക് ഡ്യൂഡ് തിരിച്ചുവരുന്നത് കാണാം. പിന്നാലെ കഥാപാത്രത്തിന് സംവിധായകന്‍ നല്‍കുന്ന റീ ഇന്‍ട്രോയാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. പാലം പൊളിക്കുമ്പോള്‍ നിധിയെടുക്കാനായി കാത്തുനിന്ന ഷാജിപാപ്പനെയും സാത്താന്‍ സേവ്യറിനെയും കാഴ്ച്ചക്കാരാക്കി ഹെലികോപ്റ്ററില്‍ തൂങ്ങിവന്നാണ് ഡ്യൂഡ് സീന്‍ തൂക്കിയത്. അത്രനേരം ഡൗണ്‍ ആയിക്കിടന്ന കഥാപാത്രത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്താന്‍ ഇതിലൂടെ സാധിച്ചു.
ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ രീതിയില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. നിധിയും കൊണ്ട് പറന്നുയരുമ്പോള്‍ മനസിലായോ സാറേ എന്ന് ഡ്യൂഡിന്റെ അനുയായി ചോദിക്കുന്നതും ഇവനെന്താടാ മരിച്ച് മുകളിലേക്ക് പോകുകയാണോ എന്ന് ഷാജിപാപ്പന്‍ ചോദിക്കുന്നതും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നതാണ്. എന്നാല്‍ ചിത്രത്തിന്റെ പൊതുവേയുള്ള സ്വഭാവത്തിന് അനുസൃതമായി ഡ്യൂഡിനെ അധികനേരം ഈ മാസ് സ്റ്റാറ്റസില്‍ നില്‍ക്കാന്‍ സംവിധായകന്‍ അനുവദിച്ചിട്ടില്ല.
വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ്.Photo: Aadu 3/ Zee5
പറക്കുന്ന ഹെലികോപ്റ്ററില്‍ നിന്നും ഉന്നം തെറ്റാതെ ഡ്യൂഡിനെ പുഴയിലേക്ക് വെടിവെച്ചിട്ടുകൊണ്ട് ഷാജിപാപ്പന്റെ ചേട്ടന്‍ രംഗപ്രവേശം ചെയ്യുന്നിടത്ത് സീന്‍ മാറുന്നത് കാണാം. ഇത്തരത്തില്‍ കൃത്യമായ അനുപാതത്തില്‍ എല്ലാവര്‍ക്കും അവസരം നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നത് മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്റെ വിജയമാണ്.
Content Highlight: Re introduction scene of Dude in Aadu 3 goes viral in social media after ott release