തമിഴ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ആരാധകര്‍ കരുതുന്ന ചിത്രമാണ് കൂലി. ഇതുവരെ കാണാത്ത തരത്തില്‍ വയലന്റായിട്ടുള്ള വേഷത്തില്‍ രജിനിയും തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജും ചേരുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞദിവസം ചിത്രം റീ സെന്‍സര്‍ ചെയ്തിരുന്നു. പുതിയതായി ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നതിനാലാണ് റീ സെന്‍സര്‍ ചെയ്തത്. എന്നാല്‍ റീ സെന്‍സറിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സിനിമയിലെ സ്‌പോയിലറും പ്രേക്ഷകര്‍ക്ക് മനസിലായി. ആറ് മാറ്റങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.
ചിത്രത്തിന്റെ ആദ്യ റീലില്‍ രജിനികാന്തിന്റെ 50 വര്‍ഷത്തോടനുബന്ധിച്ചുള്ള അനിമേഷന്‍ വീഡിയോ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 25 സെക്കന്‍ഡുള്ള വീഡിയോയാണ് ചേര്‍ത്തത്. ലോകേഷിന്റെ മുന്‍ ചിത്രമായ ലിയോയില്‍ വിജയ്‌യുടെ അനിമേഷന്‍ ടൈറ്റില്‍ കാര്‍ഡ് ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസായിരുന്നു. ഈ ട്രെന്‍ഡ് പിന്നീട് സൗത്ത് ഇന്ത്യയിലെ പല സൂപ്പര്‍താരങ്ങളും അനുകരിച്ചിരുന്നു. എന്തായാലും രജിനിയുടെ അനിമേഷന്‍ വീഡിയോ തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്.
സൗബിന്‍ അവതരിപ്പിക്കുന്ന ദയാല്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനില്‍ റാപ്പ് കൂട്ടിച്ചേര്‍ത്തതാണ് മറ്റൊരു മാറ്റം. ചിത്രത്തിന്റെ ദൈര്‍ഘ്യത്തെ ഇത് ബാധിക്കുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. മറ്റൊരു റാപ് ഗാനം നാഗാര്‍ജുനയുടെ സൈമണ്‍ എന്ന കഥാപാത്രം സൗബിന്റെ ദയാലിനെ ആക്രമിക്കുമ്പോഴും ഉപയോഗിക്കുന്നുണ്ട്.
രജിനികാന്ത് ഗുണ്ടകളെ ആക്രമിക്കുമ്പോഴും ഒരു സ്ത്രീ കഥാപാത്രം മറ്റുള്ളവരെ കൊല്ലുമ്പോഴും ഒരു റാപ് ഗാനം കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. രണ്ട് മണിക്കൂര്‍ 50 മിനിറ്റുള്ള ചിത്രത്തില്‍ ടൈറ്റില്‍ കാര്‍ഡിന്റെ 25 സെക്കന്‍ഡ് മാത്രമാണ് ഇപ്പോള്‍ കൂടിയിട്ടുള്ളത്. റീ സെന്‍സറിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
രജിനിക്ക് പുറമെ വന്‍ താരനിരയും ഒരുപിടി സര്‍പ്രൈസും കൂലിയിലുണ്ട്. നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ശക്തമായ വേഷം ചെയ്യുമ്പോള്‍ ശിവകാര്‍ത്തികേയനും ജീവയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്നും കേള്‍ക്കുന്നുണ്ട്. അനിരുദ്ധ് ഈണം നല്‍കിയ പാട്ടുകളെല്ലാം ഇതിനോടകം ട്രെന്‍ഡായി മാറിക്കഴിഞ്ഞു.
Content Highlight: Re Censor certificate of Coolie movie viral in social media