| Saturday, 17th January 2026, 10:04 pm

തുടര്‍ച്ചയായ നാലാം മത്സരത്തിലും വിക്കറ്റ്; ദല്‍ഹിക്കെതിരെയും താണ്ഡവമാടി ബെല്‍

ഫസീഹ പി.സി.

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) വീണ്ടും മിന്നും പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലൗറന്‍ ബെല്‍. മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് എതിരെ നടക്കുന്ന മത്സരത്തിലാണ് താരം വീണ്ടും പന്ത് കൊണ്ട് തിളങ്ങിയത്. ഇത്തവണ ഇംഗ്ലീഷ് ബൗളര്‍ സ്വന്തമാക്കിയത് മൂന്ന് വിക്കറ്റുകളാണ്.

ലൗറന്‍ ബെല്‍. Photo: Nishant/x.com

മത്സരത്തില്‍ ആദ്യ ഓവറില്‍ ദല്‍ഹിയുടെ ഓപ്പണര്‍ ലീസല്ലെ ലീയെ മടക്കിയാണ് ബെല്‍ തന്റെ വേട്ട തുടങ്ങിയത്. പിന്നാലെ ബാറ്റിങ്ങിന് എത്തിയ പ്രോട്ടിയാസ് ബാറ്റര്‍ ലോറ വോള്‍വാര്‍ട്ടിനെയും താരം അതേ ഓവറില്‍ തന്നെ തിരികെ അയച്ചു. പിന്നീട് 17ാം ഓവറില്‍ പന്തെറിയാന്‍ എത്തിയാണ് താരം തന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്.

ഇത്തവണ ബെല്ലിന് മുന്നില്‍ മുട്ടുമടക്കിയത് ദല്‍ഹിയുടെ ടോപ് സ്‌കോറര്‍ ഷെഫാലി വര്‍മയാണ്. മത്സരത്തില്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരത്തിന്റെ ഈ പ്രകടനം. മൂന്ന് വിക്കറ്റുകളോടെ ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ തന്റെ വിക്കറ്റ് നേട്ടം എട്ടായി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. അതോടെ ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ആര്‍.സി.ബി രണ്ടാം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തില്‍ കൂടെ വിക്കറ്റ് വീഴ്ത്തിയതോടെ ബെല്ലിന് തുടര്‍ച്ചയായ നാലാം മത്സരത്തിലും വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു. നേരത്തെ, ടൂര്‍ണമെന്റില്‍ നടന്ന ആര്‍.സി.ബിയുടെ മൂന്ന് മത്സരത്തിലും താരം വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു വിക്കറ്റാണ് താരം നേടിയത്.

രണ്ടാം മത്സരത്തില്‍ യു.പി വോറിയേഴ്സ് എതിരാളികളായി എത്തിയപ്പോളും ബെല്‍ ഒരു വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഗുജറാത്ത് ജയന്റ്‌സിന് എതിരായ മല്‍സരത്തില്‍ മൂന്ന് വിക്കറ്റുകളും താരം തന്റെ അക്കൗണ്ടിലെത്തിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ ക്യാപിറ്റൽസിന് എതിരെയും താരം വിക്കറ്റ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ബെല്ലിന് പുറമെ ബെംഗളൂരുവിനായി സയാലി സത്ഘരെയും മൂന്ന് വിക്കറ്റെടുത്തു. ഒപ്പം പ്രേമ റാവത് രണ്ട് വിക്കറ്റും നാദിന്‍ ഡി ക്ലാര്‍ക്ക് ഒരു വിക്കറ്റും നേടി. ഇവരുടെ പ്രകടനത്തിന്റെ കരുത്തില്‍ ദല്‍ഹിയെ 166 റണ്‍സിന് പുറത്താക്കാന്‍ ബെംഗളൂരുവിന് സാധിച്ചിരുന്നു.

ദല്‍ഹിക്കായി ഷെഫാലി 41 പന്തില്‍ 62 റണ്‍സെടുത്തു മികച്ച പ്രകടനം നടത്തി. ഒപ്പം 19 പന്തില്‍ 36 റണ്‍സെടുത്ത ലൂസി ഹാമില്‍ട്ടണും 22 പന്തില്‍ 22 റണ്‍സ് നേടിയ സ്‌നേഹ റാണയും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

ഷെഫാലി വര്‍മ. Photo: Akshat/x.com

നിലവില്‍ ബെംഗളൂരു മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സാണ് ടീമിന്റെ സ്‌കോര്‍. 14 പന്തില്‍ 17 റണ്‍സെടുത്ത സ്മൃതി മന്ഥാനയും എട്ട് പന്തില്‍ മൂന്ന് റണ്‍സുമായി ജോര്‍ജിയ വോളുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍ ഗ്രേസ് ഹാരിസിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. നാല് പന്തില്‍ ഒരു റണ്‍സെടുത്ത മടങ്ങിയ താരത്തിനെ പുറത്താക്കിയത് മാരിസന്‍ കാപ്പാണ്.

Content Highlight: RCBw vs DCw: RCB’s Lauren Bell take wickets in fourth consecutive match in WPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more