| Thursday, 5th February 2026, 11:22 pm

വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം കിരീടത്തില്‍ മുത്തമിട്ട് മന്ഥാനയും കൂട്ടരും; നാലാമതും പൊരുതിത്തോറ്റ് ദല്‍ഹി!

ശ്രീരാഗ് പാറക്കല്‍

ഡബ്ല്യു.പി.എല്‍ 2026ലെ ചാമ്പ്യന്‍മാരായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വാശിയേറിയ പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍.സി.ബി തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്.

വഡോദരയില്‍ നടന്ന അവസാന അങ്കത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് സ്വന്തമാക്കിയത്. എന്നാല്‍ മറുപടിബാറ്റിങ്ങില്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ബെംഗളൂരു.

ഇതോടെ ഒരു ചരിത്ര നേട്ടവും ബെംഗളൂരു സ്വന്തമാക്കിയിരിക്കുകയാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്ത ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്.

എന്നാല്‍ തുടര്‍ച്ചയായ നാലാം തവണയും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പരാജയപ്പെടുന്ന ടീമെന്ന നിര്‍ഭാഗ്യം തലയില്‍ ചൂടിയാണ് ദല്‍ഹി സീസണ്‍ അവസാനിപ്പിച്ചത്.

മത്സരത്തില്‍ ഓപ്പണര്‍ ഗ്രേസ് ഹാരിസിനെ ആര്‍.സി.ബിക്ക് (9 റണ്‍സ്) തുടക്കത്തില്‍ നഷ്ടമായെങ്കിലും ടീമിനെ മുന്നോട്ട് കൊണ്ടുപോയത് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും ജോര്‍ജിയ വോളുമാണ്.

ജോര്‍ജിയ 54 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെ 79 റണ്‍സും സ്മൃതി 41 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സും നേടി വമ്പന്‍ പ്രകടനം നടത്തിയാണ് കളം വിട്ടത്.
5 പന്തില്‍ 12 റണ്‍സ് നേടിയ രാധ യാദവാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ദല്‍ഹിക്ക് വേണ്ടി ചിനെല്ലി ഹെന്റി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നന്ദിനി ശര്‍മ, മിന്നു മണി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ദല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജമീമ റോഡ്രിഗസാണ്. 37 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 57 റണ്‍സാണ് താരം അടിച്ചെടുത്ത്. 154.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. നേരിട്ട 32ാം പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഡബ്ല്യു.പി.എല്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാകാനാണ് ജെമീമയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. അതേസമയം എലിമിനേറ്ററില്‍ 41 റണ്‍സ് നേടിയ ജെമീമ ഫൈനലിലും ആളിക്കത്തിയാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.

മത്സരത്തില്‍ ദല്‍ഹിയുടെ ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ പുറത്താകാതെ 15 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയത് ചിനെല്ലി ഹെന്റിയാണ്. 233.33 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. താരത്തിന് പുറമെ ലോറ വോള്‍വാട്ട് 25 പന്തില്‍ 44 റണ്‍സ് നേടി.

ബെംഗളൂരു ബൗളര്‍മാരുടെ വെല്ലുവിളി മറികടന്ന് ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കിയാണ് ദല്‍ഹി ഓപ്പണര്‍മാര്‍ മടങ്ങിയത്. ലിസെല്ലി ലീ 30 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയാണ് മടങ്ങിയത്. ഷഫാലി വര്‍മ 13 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സും നേടിയാണ് പുറത്തായത്.

അതേസമയം ആര്‍.സി.ബിക്ക് വേണ്ടി സയലി, അരുന്ധതി റെഡ്ഡി, നദൈന്‍ ഡി ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlight: RCB Won WPL 2026 Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more