| Saturday, 23rd May 2026, 4:38 pm

ഇത്തവണയും ബെംഗളൂരു കിരീടം തൂക്കും! ഐ.പി.എല്ലിലെ ട്രെന്‍ഡ് തുണച്ചാല്‍ ചരിത്രം

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ആരാധകര്‍ക്ക് ആവേശം നല്‍കി പുരോഗമിക്കുകയാണ്. ഇനി സീസണില്‍ ഫൈനലും സെമിഫൈനലും എലിമിനേറ്ററും ഒഴികെ മൂന്ന് ലീഗ് മത്സരങ്ങളാണ് ബാക്കിയുള്ളത്. 67 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തീരുമാനമായിട്ടുണ്ട്.

ബാക്കിയുള്ള ഒരു സ്‌പോട്ടിനായി കടുത്ത പോരാട്ടമാണുള്ളത്. ബാക്കിയുള്ള മത്സരങ്ങളിലെ ഫലമാണ് നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക. പഞ്ചാബ് കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ദല്‍ഹി ക്യാപിറ്റല്‍സിനും സാധ്യതകളുണ്ട്. നാളെ (മെയ് 24) നടക്കുന്ന മത്സരങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നിശ്ചയിക്കും.

നിലവില്‍ പോയിന്റ് ടേബിളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ്. മൂവര്‍ക്കും 18 പോയിന്റാണുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം ഹൈദരാബാദിനോട് പരാജയപ്പെട്ടിട്ടും ബെംഗളൂരു നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. Photo: IndianPremierLeague/x.com

ഇത് ബെംഗളൂരു ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. ഒന്നാം ക്വാളിഫയറില്‍ കളിക്കാമെന്നതും പരാജയപ്പെട്ടാലും ടീമിന് ഒരു അവസരം കൂടി ലഭിക്കുമെന്നത് മാത്രമല്ല അതിന് കാരണം. 2020 മുതല്‍ ഇടവിട്ട സീസണുകളില്‍ ടേബിള്‍ ടോപ്പേഴ്സാണ് ഐ.പി.എല്ലില്‍ കിരീടം ഉയര്‍ത്തിയത് എന്നതാണ് പ്ലേ ബോള്‍ഡ് ആര്‍മിയെ ആവേശത്തിലാഴ്ത്തുന്നത്.

2020ല്‍ 18 പോയിന്റുമായി മുംബൈ ഇന്ത്യന്‍സായിരുന്നു ടേബിളില്‍ ഒന്നാമത്. ആ വര്‍ഷം ശ്രേയസ് അയ്യരുടെ കീഴില്‍ ഇറങ്ങിയ ദല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി മുംബൈ ചാമ്പ്യന്മാരായി. രോഹിത് ശര്‍മയുടെ സംഘം തങ്ങളുടെ അഞ്ചാം കിരീടമുയര്‍ത്തി ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമായി മാറി.

2020 ഐ.പി.എൽ കിരീടവുമായി മുംബൈ ഇന്ത്യൻസ്.

അടുത്ത വര്‍ഷം ദല്‍ഹി ടേബിള്‍ ടോപ്പേഴ്സായെങ്കിലും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സാണ് ജേതാക്കളായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചായിരുന്നു സി.എസ്.കെയുടെ നാലാം കിരീടനേട്ടം. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് ടേബിളിലെത്തി കിരീടവും നേടിയെടുത്തു.

ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്തുമായിരുന്നു ഏറ്റുമുട്ടിയത്. എന്നാല്‍, ടൂര്‍ണമെന്റ് അരങ്ങേറ്റത്തില്‍ തന്നെ ടീം കിരീടമുയര്‍ത്തി. അടുത്ത വര്‍ഷം വീണ്ടും ചെന്നൈ വിജയികളായി. 2023ലെ ടേബിള്‍ ടോപ്പേഴ്സ് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. എന്നാല്‍, ഫൈനലില്‍ ഗുജറാത്തിന് ചെന്നൈയുടെ മുന്നില്‍ കാലിടറി. അതോടെ അഞ്ചാം ട്രോഫി സ്വന്തമാക്കി സി.എസ്.കെ കിരീടനേട്ടത്തില്‍ മുംബൈയ്‌ക്കൊപ്പമെത്തി.

2024ല്‍ വീണ്ടും ടേബിള്‍ ടോപ്പേഴ്സ് ജേതാക്കളാവുന്ന പതിവ് ആവര്‍ത്തിച്ചു. കൊല്‍ക്കത്തയായിരുന്നു ഈ സീസണില്‍ പോയിന്റ് ടേബിളില്‍ ഒന്നാമന്മാര്‍. ഫൈനലില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന സണ്‍റൈസേഴ്സായിരുന്നു അവരുടെ എതിരാളികള്‍. ഹൈദരാബാദിനെ മുട്ടുകുത്തിച്ച് ശ്രേയസിന്റെ കൊല്‍ക്കത്ത കപ്പുയര്‍ത്തി മൂന്നാം കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു.

ഐ.പി.എൽ 2024 കിരീടവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ.

2025ല്‍ പഞ്ചാബ് കിങ്സായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുനന്നത്. എന്നാല്‍, ഫൈനലില്‍ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിട്ടു.

ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ഇത്തവണ ടേബിള്‍ ടോപ്പേഴ്സായ ബെംഗളൂരും കപ്പുയര്‍ത്തും. അങ്ങനെയെങ്കില്‍ ഐ.പി.എല്ലില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായി പ്ലേ ബോള്‍ഡ് ആര്‍മി ചരിത്രം സൃഷ്ടിക്കും.

Content Highlight: RCB will lift IPL 2026 trophy if the trend of Table toppers becoming champions from 2020 onwards

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more