ബെംഗളൂരു: ആര്‍.സി.ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീയും 14 വയസുള്ള കുട്ടിയും ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അപകട സാധ്യത മുന്നില്‍ കണ്ട് പൊലീസ് നേരത്തെ വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കെ.സി.എയുടെ (കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ) നിര്‍ബന്ധപ്രകാരമാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. അവസാന നിമിഷമാണ് പരേഡിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. ഒന്നര കിലോ മീറ്റര്‍ ദൂരമാണ് പരേഡ് നടത്താന്‍ തീരുമാനിച്ചത്. പരേഡ് ഉണ്ടാവുമെന്ന് അറിയിച്ചതോടെ സ്‌റ്റേഡിയത്തിന് സമീപത്തേക്ക് വലിയ ജനക്കൂട്ടം എത്തിച്ചേരുകയായിരുന്നു.
അപകടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ആവേശത്തില്‍ നിയന്ത്രം നഷ്ടപ്പെടുകയായിരുന്നെന്നും നിയന്ത്രിക്കാവുന്നതിലപ്പുറമായിരുന്നു ആള്‍ക്കൂട്ടമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയി. അയ്യായിരത്തോളം പൊലീസുകാരെ നിയമിച്ചെങ്കിലും അത് പര്യാപ്തമായില്ലെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് വിക്ടറി പരേഡ് റദ്ദാക്കി.
Content Highlight: RCB’S victory parade turned into tragedy in Bengaluru