| Sunday, 7th September 2025, 10:28 am

വൈറ്റാലിറ്റിയില്‍ ആര്‍.സി.ബിയുടെ ഒറ്റക്കൊമ്പന്റെ വെടിക്കെട്ട്; ലങ്കാഷെയറിന് സെമി തിളക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ടി – 20 വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ മിന്നും പ്രകടനവുമായി ആര്‍.സി.ബി താരം ലിയാം ലിവിങ്സ്റ്റണ്‍. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ കെന്റും ലങ്കാഷെയറും തമ്മില്‍ നടന്ന മത്സരത്തിലാണ് താരത്തിന്റെ പ്രകടനം. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ലിവിങ്സ്റ്റണ്‍ തിളങ്ങിയത്.

കെന്റിനെതിരെ തുടക്കത്തിലേ തകര്‍ന്ന ടീമിനെ താരം തന്റെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് പിടിച്ചുയര്‍ത്തി. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ലങ്കാഷെയറിനെ താരം സെമിഫൈനല്‍ എത്തിക്കുകയും ചെയ്തു. മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ 45 പന്തുകള്‍ നേരിട്ട് പുറത്താവാതെ 85 റണ്‍സാണ് അടിച്ചെടുത്തത്.

ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ്. 188.89 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ നാലാം നമ്പറില്‍ ഇറങ്ങിയാണ് വെടിക്കെട്ട് പ്രകടനം നടത്തിയത്. താരം ക്രീസിലെത്തുമ്പോള്‍ ലങ്കാഷെയര്‍ പതറുകയായിരുന്നു.

കെന്റ് ഉയര്‍ത്തിയ 154ന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കാഷെയര്‍ രണ്ട് ഓവറില്‍ രണ്ട് വിക്കറ്റിന് അഞ്ച് എന്ന നിലയിലായിരുന്നു. പിന്നീട് ലിവിങ്സ്റ്റണ്‍ ടീമിനെ തന്റെ തോളിലേറ്റി. പിന്നാലെ വന്നവര്‍ പലരും പെട്ടെന്ന് മടങ്ങിയപ്പോഴും താരം ക്രീസില്‍ ഉറച്ച് നിന്നു. അങ്ങനെ ഒരു ഒറ്റയാള്‍ പോരാട്ടം നടത്തി ലിവിങ്സ്റ്റണ്‍ 19ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ച് സെമി ഫൈനല്‍ പ്രവേശനം സമ്മാനിച്ചു.

ലിവിങ്സ്റ്റണ്‍ ബാറ്റിങ്ങിന് പുറമെ, ബൗളിങ്ങിലും തിളങ്ങി. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വെറും 21 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഈ പ്രകടനം. 5.25 എക്കോണമിയിലായിരുന്നു ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ പന്തെറിഞ്ഞത്.

മത്സരത്തില്‍ താരത്തിനൊപ്പം മിച്ചല്‍ ജോണ്‍സും ആഷ്ടന്‍ ടര്‍നറും ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ജോണ്‍സ് 17 പന്തില്‍ 28 റണ്‍സ് നേടിയപ്പോള്‍ ടര്‍നര്‍ 14 പന്തില്‍ 22 റണ്‍സും എടുത്തു. 13 പന്തില്‍ 11 റണ്‍സെടുത്ത ജാക്ക് ബ്ലാറ്റര്‍വിക്കും മാത്രമാണ് ടീമില്‍ രണ്ടക്കം കടന്നവര്‍.

ലങ്കാഷെയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത കെന്റ് നിശ്ചിത ഓവറില്‍ 153 റണ്‍സ് പുറത്താവുകയായിരുന്നു, 20 പന്തില്‍ 28 റണ്‍സ് എടുത്ത ജോ ടെന്‍ലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

Content Highlight: RCB player Liam Livingston score fifty in Vitality T20 Blast for Lancashire

We use cookies to give you the best possible experience. Learn more