| Wednesday, 27th May 2026, 7:50 am

ബെംഗളൂരുവിന്റെ പടയോട്ടത്തില്‍ കൊല്‍ക്കത്തയും വീണു; പ്ലേ ബോള്‍ഡ് ആര്‍മി തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

ഐ.പി.എല്ലിലെ ആര്‍.സി.ബിയുടെ അഞ്ചാം ഫൈനല്‍ ആണിത്. ആര്‍.സി.ബി മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടന്ന ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബെംഗളൂരുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ എത്തിയ മൂന്നാമത്തെ ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്നാണ് ബെംഗളൂരു ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തേക്ക് ചേക്കേറിയത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 10 തവണയാണ് ചെന്നൈ ഐ.പി.എല്‍ ഫൈനലില്‍ എത്തിച്ചേര്‍ന്നത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ എത്തിയ ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 10

മുംബൈ ഇന്ത്യന്‍സ് – 6

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 4

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 3

2026ലും ബെംഗളൂരു കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല ബെംഗളൂരുവിനെ തുടര്‍ച്ചയായ രണ്ടാം തവണയാണ് രജത് പാടിദാര്‍ എന്ന ക്യാപ്റ്റന്‍ ഫൈനലിലേക്ക് എത്തിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.

മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയതും. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 281.82 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. വിരാട് കോഹ്‌ലി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 43 റണ്‍സ് വീതവും നേടി നിര്‍ണായകമായി. ദേവദത്ത് പടിക്കല്‍ 30 റണ്‍സും സ്വന്തമാക്കി.

അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തിവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 43 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളുമടക്കം 68 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 29 റണ്‍സും സായ് സുദര്‍ശന്‍ 14 റണ്‍സും നേടി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.

Content Highlight: RCB IN Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more