കിരീട വരള്‍ച്ചയുടെ, കണ്ണീരിന്റെ, കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഉയര്‍ത്തെഴുന്നേല്പിന്റെ കാലഘട്ടമാണ്. രണ്ട് വര്‍ഷങ്ങളില്‍ ഐ.പി.എല്ലില്‍ രണ്ട് കപ്പുയര്‍ത്തി തങ്ങളെ പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഇന്നവര്‍ തലയര്‍ത്തി തന്നെയാണ് നില്‍ക്കുന്നത്.
കിരീടം നിലനിര്‍ത്തിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ലെജന്‍ഡറി പദവിയില്‍ പ്ലേ ബോള്‍ഡ് ആര്‍മി സ്വയം അവരോധിച്ച് കഴിഞ്ഞിരിക്കുന്നു. ഈ വിജയത്തില്‍ ടീമിനെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രജത് പാടിദാറിനെ ഏവരും വാഴ്ത്തുകയാണ്. ഫൈനലില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പര്‍ താരം വിരാട് കോഹ്ലിയും എല്ലായിടത്തും പ്രശംസിക്കുന്നുണ്ട്.
ഭുവനേശ്വർ കുമാർ. Photo: shebas/x.com
എന്നാല്‍, ആര്‍.സി.ബിയുടെ രണ്ടാം കിരീടധാരണത്തില്‍ നിര്‍ണായകമായ ഒരു സൈലന്റ് ഹീറോയുണ്ട്. ബാറ്റിങ് വെടിക്കെട്ടുകളിക്കിടയില്‍ തീ പന്തുകൊണ്ട് എതിരാളികളെ വിറപ്പിച്ച ഭുവനേശ്വര്‍ കുമാര്‍. ടൂര്‍ണമെന്റില്‍ ഒട്ടുമിക്ക ലോകോത്തര ബൗളറെല്ലാം അടി വാങ്ങിയപ്പോഴും പതറാതെ ഉറച്ച് നിന്ന, മിന്നും പ്രകടനങ്ങളുമായി തിളങ്ങിയ താരത്തിന് അര്‍ഹിക്കുന്നത്ര പ്രശംസ ലഭിക്കുന്നില്ലെന്നൊരു ആക്ഷേപമുണ്ട്.
അത് ഏറെ കുറെ സത്യവുമാണ്. ഐ.പി.എല്‍ 2026ല്‍ 200 റണ്‍സിന് മുകളില്‍ പിറക്കാത്ത മത്സരങ്ങള്‍ വളരെ കുറവായിരുന്നു. എവിടെ നോക്കിയാലും സിക്‌സര്‍ മഴ മാത്രമാണുണ്ടായിരുന്നത്. നമ്പര്‍ വണ്‍ ബൗളര്‍മാരെ പോലും തലങ്ങും വിലങ്ങും അടിച്ചിട്ടുന്ന കാഴ്ച്ച പതിവായിരുന്നു.
ഭുവനേശ്വർ കുമാർ. Photo: Saurabh Bansal/x.com
അതിനിടയിലാണ് 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തി ഭുവി തലയുര്‍ത്തി നില്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ 63 ഓവറുകള്‍ എറിഞ്ഞ താരം വിട്ടുനല്‍കിയത് 501 റണ്‍സാണ്. 7.95 എക്കോണമിയും 17.89 ആവറേജുമാണ് താരത്തിന് ഈ സീസണിലുള്ളത്. 152 ഡോട്ട് ബോളുകളും പേസര്‍ ഈ സീസണില്‍ എറിഞ്ഞിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സിനെതിരെ 23 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഭുവിയുടെ ഈ സീസണിലെ മികച്ച പ്രകടനം. ഇതിന് പുറമെ, ആര്‍.സി.ബിയുടെ പല വിജയങ്ങളിലും നിര്‍ണായക പ്രകടനം സീമര്‍ നടത്തിയിട്ടുണ്ട്. ഫൈനലിലും ഈ മികവ് താരം പുറത്തെടുത്തു. അതിനാല്‍ തന്നെ ഈ കിരീട നേട്ടത്തില്‍ ഭുവി എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നുണ്ട്.
Content Highlight: RCB fast bowler Bhuvaneshwar Kumar’s stunning performance in IPL 2026